ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണെമന്‍റ്: പാക്കിസ്ഥാനില്‍ നിന്ന് പുറത്തേക്ക്; ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ച് ലങ്കയും ബംഗ്ലാദേശും

  • 09/05/2023



കറാച്ചി: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി നടക്കേണ്ട ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണെമന്‍റ് ആതിഥേയത്വം പാക്കിസ്ഥാന് നഷ്ടമാകുമെന്ന് ഉറപ്പായി. പാക്കിസ്ഥാനിലാണെങ്കില്‍ സുരക്ഷാ കാരണങ്ങളാല്‍ ഏഷ്യാ കപ്പില്‍ പങ്കെടുക്കില്ലെന്ന ഇന്ത്യന്‍ നിലപാടിനോട് ശ്രീലങ്കയും ബംഗ്ലാദേശും യോജിച്ചതോടെ വിഷയത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടു.

ഏഷ്യാ കപ്പ് നിഷ്പക്ഷ വേദിയെന്ന നിലയില്‍ യുഎഇയിലേക്ക് മാറ്റമെന്നായിരുന്നു ആദ്യ സൂചനകളെങ്കിലും പുതിയ സാഹചര്യത്തില്‍ ശ്രീലങ്ക ആതിഥേയരാകുമെന്നാണ് കരുതുന്നത്. പാക്കിസ്ഥാന്‍റെ എല്ലാം മത്സരങ്ങളും പാക്കിസ്ഥാനില്‍ കളിക്കുകയും ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം നിഷ്‌പക്ഷ വേദികളില്‍ നടത്തുകയും ചെയ്യുന്ന ഹൈബ്രിഡ് മോഡല്‍ നിര്‍ദേശം മുന്നോട്ടുവെച്ചെങ്കിലും ഇതും ഇന്ത്യ അംഗീകരിച്ചില്ല. തുടര്‍ന്നാണ് ടൂര്‍ണമെന്‍റ് മുഴുവനായും മറ്റൊരു രാജ്യത്തേക്ക് മാറ്റുക എന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്.

അടുത്തമാസം ചേരുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ വേദി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. അതിഥേയത്വം നഷ്ടമായാല്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറുമെന്നും ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കില്ലെന്നും പാക്കിസ്ഥാന്‍ ഭീഷണി മുഴക്കിയിരുന്നു. ഏഷ്യാ കപ്പില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്‍മാറിയാല്‍ പകരം യുഎഇയെ ടൂര്‍ണമെന്‍റില്‍ കളിപ്പിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

ഇന്ത്യന്‍ നിലപാടിനൊപ്പം നില്‍ക്കാനുള്ള ബംഗ്ലാദേശ്, ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡുകളുടെ തീരുമാനമാണ് അവസാന നിമിഷം പാക്കിസ്ഥാന് തിരിച്ചടിയായത്. അതേസമയം, ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കില്ലെന്ന പാക്കിസ്ഥാന്‍രെ ഭീഷണി ബി സി സി ഐ മുഖവിലക്കെടുത്തിട്ടില്ല. വരും മാസങ്ങളില്‍ ബിസിസിഐ ലോകകപ്പ് മത്സരം ക്രമം പുറത്തിറക്കുമ്പോള്‍ പാക്കിസ്ഥാന്‍ ഏതൊക്കെ വേദികളില്‍ കളിക്കുമെന്ന കാര്യം വ്യക്തമാവും.

Related Articles