അത്യപൂർവമായ രക്തം കട്ടപിടിക്കുന്ന രോഗം വർദ്ധിക്കുന്നു; ആസ്ട്ര സെനെക്ക വാക്‌സിൻ ഉപയോഗിക്കുന്നവർക്ക് മുൻകരുതലെടുക്കാൻ യൂറോപ്യൻ രാജ്യങ്ങൾ

  • 02/04/2021

ലണ്ടൻ: കൊറോണ പ്രതിരോധത്തിനായി ആസ്‌ട്രസെനെക്ക വാക്‌സിൻ ഉപയോഗിച്ച ബ്രിട്ടണിലെ ജനങ്ങളിൽ അത്യപൂർവമായ രക്തം കട്ടപിടിക്കുന്ന രോഗം കൂടുന്നു. 25ഓളം പേർക്കാണ് ബ്രിട്ടണിൽ മാത്രം ഈ രോഗം കണ്ടെത്തിയത്. ഏ‌റ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്‌ 30 പേർക്ക് ഇങ്ങനെ ആകെ രോഗം സ്ഥിരീകരിച്ചു. മെഡിസിൻസ് ആന്റ് ഹെൽത്ത്കെയർ പ്രോഡക്‌ട്‌സ് റെഗുലേ‌റ്ററി ഏജൻസിയാണ് ഈ വിവരം അറിയിച്ചത്. വാക്‌സിൻ കുത്തിവയ്‌പ്പിലൂടെ ലഭിക്കുന്നതിലും വലിയ പാർശ്വഫലങ്ങൾ മരുന്നിനുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്.

ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ച ആസ്‌ട്രസെനെക്ക വാക്‌സിനിൽ ഇപ്പോഴും സൂക്ഷ്‌മ പരിശോധന നടത്തുകയാണ്. എന്നാൽ വാക്‌സിന് ഇപ്പോഴും യൂറോപ്പിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. 18.1 മില്യൺ ഡോസുകൾ കുത്തിവച്ചപ്പോൾ ആകെ 30 പേർക്കാണ് രോഗമുണ്ടായതെന്നാണ് ഏജൻസി പറഞ്ഞത്. ഇത്തരം സംഭവങ്ങൾ ആറ് ലക്ഷത്തിൽ ഒന്ന് മാത്രമാണെന്നും ഏജൻസി പറയുന്നു. എന്നാൽ ബ്രിട്ടണിൽ ഉപയോഗിക്കുന്ന ഫൈസർ വാക്‌സിന് ഇത്തരം പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. കൊറോണയ്ക്കെതിരെ ഉയർന്ന പ്രതിരോധം തീർക്കുന്നതെന്ന് തെളിഞ്ഞവയാണ് ആസ്‌ട്രസെനെക്ക വാക്‌സിനും ഫൈസർ വാക്‌സിനും.

യൂറോപ്പിൽ പൊതുവിൽ രോഗ പരതിരോധത്തിന് വാക്‌സിൻ നൽകുന്ന പ്രക്രിയ മെല്ലെയാണ് പുരോഗമിക്കുന്നത്. ബ്രിട്ടണിൽ രോഗം ബാധിച്ചവരുടെ എണ്ണം തുടരുന്നുണ്ടെങ്കിലും കുത്തനെ ഉയരുന്നില്ല. ഇത് വാക്‌സിൻ കുത്തിവയ്‌പ്പിന്റെ ഫലമാണെന്നാണ് കരുതുന്നത്. കൊറോണ മരണങ്ങളിലും കുറവുണ്ട്. യൂറോപ്യൻ യൂണിയനിലെ വിദഗ്‌ദ്ധർ മുൻപ് ആസ്‌ട്രസെനെക്ക വാക്‌സിനും അപൂർവമായ രക്തം കട്ടപിടിക്കുന്ന രോഗവും തമ്മിൽ ബന്ധമുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇത്തരത്തിൽ 62ഓളം കേസുകളാണ് അവർ കണ്ടെത്തിയത്.

രോഗവിവരം അറിഞ്ഞതോടെ യുവാക്കൾ ആസ്‌ട്രസെനെക്ക വാക്‌സിൻ സ്വീകരിക്കുന്നത് ജർമ്മനി തടഞ്ഞിരിക്കുകയാണ്. രാജ്യത്ത് 31 രക്തം കട്ടപിടിക്കുന്ന രോഗത്തിന്റെ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതിൽ ഏറെയും സ്‌ത്രീകളാണ്. നോർവെ, സ്വീഡൻ എന്നീ രാജ്യങ്ങളും വാക്‌സിന് നിരോധനമുണ്ട്. യൂറോപ്പിന് പുറമേ ഇന്ന് ഓസ്‌ട്രേലിയയിലും ഒരു കേസ് റിപ്പോർട്ട് ചെയ്‌തു. രോഗകാരണം പഠിക്കുകയാണെന്ന് ഓസ്‌ട്രേലിയൻ സർക്കാർ അഭിപ്രായപ്പെട്ടു.

Related Articles