കൊറോണ വന്ന് ഭേദമായവർക്ക് ഒരു ഡോസ് വാക്‌സിൻ നൽകിയാൽ മതിയെന്ന് പുതിയ പഠനറിപ്പോർട്ട്

  • 19/04/2021

ലോസ് ഏഞ്ചൽസ്: കൊറോണ വൈറസ് വന്ന് ഭേദമായവർക്ക് ഒരു ഡോസ് വാക്‌സിൻ നൽകിയാൽ മതിയെന്ന് പുതിയ പഠനറിപ്പോർട്ട്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരെ പോലെയോ അല്ലെങ്കിൽ അവരെക്കാൾ ഫലപ്രദമായോ വൈറസിനെ ചെറുക്കാൻ കൊറോണ വന്ന ഭേദമായവർക്ക് കഴിയുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 

ലോസ് ഏഞ്ചൽസിലെ  'സെഡാർസ് സിനായ് മെഡിക്കൽ സെന്റർ'ൽ നിന്നുള്ള ഗവേഷകരാണ് പഠനം സംഘടിപ്പിച്ചത്. ഫൈസർ, മൊഡേണ എന്നീ വാക്‌സിനുകൾ വച്ചാണ് സംഘം പഠനം നടത്തിയത്. 

'വളരെ പൊസിറ്റീവ് ആയ രീതിയിലാണ് കൊറോണ അതിജീവിച്ചവർ ഒരു ഡോസ് വാക്‌സിനോട് പ്രതികരിച്ചത്. രോഗം വന്നവരുടെ ശരീരം നേരത്തേ തന്നെ വൈറസിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽത്തന്നെ ഒരു ഡോസ് വാക്‌സിൻ കൂടി ചെല്ലുന്നതോടെ അവരുടെ പ്രതിരോധ വ്യവസ്ഥ ശക്തമായി സജ്ജമാവുകയാണ്...'- പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകയായ സൂസൻ ഷെംഗ് പറഞ്ഞു.

കൂടുതൽ ആളുകളെ വാക്‌സിനേറ്റ് ചെയ്യാനുള്ള അധികൃതരുടെ നീക്കത്തിന് ആക്കം കൂട്ടുന്ന കണ്ടെത്തലാണ് തങ്ങൾ നടത്തിയിരിക്കുന്നതെന്നും ഗവേഷകസംഘം അവകാശപ്പെടുന്നു. വാക്‌സിൻ എടുത്തവർക്ക് ഒരു ഡോസ് വാക്‌സിൻ മാത്രം നൽകിയാൽ മതിയെങ്കിൽ ആദ്യം കൊറോണ അതിജീവിച്ചവരെ മുഴുവൻ വാക്‌സിനേറ്റ് ചെയ്യാം. ഇതോടെ വലിയൊരു വിഭാഗത്തിന് മുഴുവൻ വാക്‌സിൻ നൽകിക്കഴിയും. ബാക്കി അവശേഷിക്കുന്നവർക്ക് വേണ്ടി അധിക വാക്‌സിൻ അവശേഷിപ്പിക്കാനും സാധിക്കും എന്നാണ് ഇവർ വിശദമാക്കുന്നത്. 

നേരത്തേ ഫ്രാൻസ്, സ്‌പെയ്ൻ, ഇറ്റലി, ജർമ്മനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ കൊവിഡ് അതിജീവിച്ചവർക്ക് ഒരു ഡോസ് വാക്‌സിൻ മാത്രം നൽകുന്നതിനുള്ള നയം സ്വീകരിച്ചിരുന്നു. ഇസ്രയേലിലും ഇതേ രീതിയിൽ വാക്‌സിനേഷൻ നടന്നതായാണ് സൂചന.

Related Articles