ദീർഘകാല പ്രതിരോധ ശേഷി; കോവാക്സിനിൽ ഗവേഷണം പുരോഗമിക്കുന്നു

  • 27/04/2021

ചെന്നൈ: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്, കൊറോണ വൈറസിനെതിരെ ദീർഘകാല പ്രതിരോധം നൽകാൻ സാധിക്കുമോയെന്ന പഠനങ്ങളിൽ ഗവേഷണം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ചെന്നൈയിൽ ഏഴ് പേർ ബൂസ്റ്റർ വാക്‌സിൻ ഡോസ് സ്വീകരിച്ചു. കോവാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച്‌ ആറ് മാസത്തിന് ശേഷമാണ് ഇവർ മൂന്നാം ഡോസ് വാക്സിൻ സ്വീകരിച്ചത്.

ചെന്നൈ എസ്.ആർ.എം. മെഡിക്കൽ കോളേജിലാണ് ഏഴ് പേർ കോവാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിച്ചത്. അതെ സമയം ഹൈദരാബാദ്, ന്യൂഡെൽഹി, പട്‌ന, അടക്കം എട്ട് സ്ഥലങ്ങളിലായി 190 പേരാണ് ബൂസ്റ്റർ വാക്‌സിൻ ഡോസുകൾ സ്വീകരിക്കുക. കൂടാതെ 20 മുതൽ 25 പേർ വരെ ചെന്നൈ എസ്‌ആർഎമ്മിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കും.

ബൂസ്റ്റർ ഡോസ് 18 മുതൽ 55 വയസ് വരെയള്ളവരാണ് സ്വീകരിക്കുന്നതെന്നും ഇവരെ അടുത്ത ആറ് മാസക്കാലം നിരീക്ഷണത്തിന് വിധേയമാക്കുമെന്നും പഠനത്തിന് നേതൃത്വം നൽകുന്ന ഡോ.സത്യജിത്ത് മൊഹാപത്ര വ്യക്തമാക്കി. വാക്സിൻ സ്വീകർത്താക്കളുടെ രക്ത സാമ്ബിളുകൾ പരിശോധിക്കുകയും സുരക്ഷയും രോഗപ്രതിരോധ ശേഷിയും വിലയിരുത്തുമെന്നും സത്യജിത്ത് മൊഹാപത്ര കൂട്ടിച്ചേർത്തു.

ഇത് രണ്ടാം ഘട്ട പരീക്ഷണങ്ങളുടെ തുടർച്ചയാണെന്നും ബൂസ്റ്റർ ഡോസിന് ആജീവനാന്ത പ്രതിരോധം നൽകാൻ സാധിക്കുമോ എന്നാണ് പരിശോധിക്കുന്നതെന്നും സത്യജിത്ത് മൊഹാപത്ര പറഞ്ഞു. പരീക്ഷണം വിജയിച്ചാൽ, 28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർ നാല് മുതൽ ആറ് വരെ മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് എടുത്താൽ അവർക്ക് ആജീവനാന്ത പ്രതിരോധം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles