പുരുഷന്മാർ സൂക്ഷിക്കുക; ബ്ലാക്ക് ഫംഗസ് അപകടകാരി

  • 22/05/2021

ന്യൂ ഡെൽഹി: രാജ്യത്തെ കൊറോണ​ വ്യാപനത്തി​​ന്റെ പശ്ചാത്തലത്തിൽ ഭീതിയുയർത്തുന്ന ബ്ലാക്ക്​ ഫംഗസ്​ ഏറ്റവും കൂടുതൽ വ്യാപിച്ചത്​ പുരുഷൻമാരിലെന്ന്​ പഠനം. രോഗം ബാധിച്ചവരിൽ 70 ശതമാനവും പുരുഷൻമാരാണെന്നാണ്​ കണ്ടെത്തൽ.

രാജ്യത്തെ നാലു ഡോക്​ടർമാർ രോഗം ബാധിച്ച 101 പേരിൽ നടത്തിയ പഠനത്തി​ന്റെ അടിസ്​ഥാനത്തിലാണ്​ നിഗമനം. 'മുകോർമൈകോസിസ്​ -കോവിഡ്​ 19' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ രോഗം ബാധിച്ച 101 പേരിൽ 79 പേരും പുരുഷൻമാരായിരുന്നു. ഇതിൽ പ്രമേഹ രോഗികൾക്കാണ്​ രോഗസാധ്യതയെന്നും പറയുന്നു.

രോഗം സ്​ഥിരീകരിച്ച 83 പേർക്കും പ്രമേഹമുണ്ടായിരുന്നു. സ്​റ്റിറോയിഡ്​ ഉപയോഗിച്ചിരുന്നവരാണ്​ ഇവർ. കൂടാതെ മൂക്കിലും സൈനസിലുമായിരുന്നു ഫംഗസ്​ ബാധ. ഇന്ത്യ, അമേരിക്ക, ഇറാൻ എന്നിവിടങ്ങളിലുള്ളവരെയാണ്​ പഠന വിധേയമാക്കിയത്​. ഫംഗസ്​ ബാധിച്ച 101 പേരിൽ 31 പേർ മരിച്ചു. 60 പേർക്ക്​ മാത്രമായിരുന്നു പ്രത്യക്ഷത്തിൽ രോഗലക്ഷണം. ഇതിൽ 41 പേർ രോഗമുക്തി നേടിയതായും പറയുന്നു.

കൊൽക്കത്തയിലെ ജി.ഡി ആശുപത്രിയിലെ ഡോക്​ടർമാരായ അവദേശ്​ കുമാർ സിങ്​, റിതു സിങ്​ മുംബൈ ലീലാവതി ആശുപത്രിയിലെ ഡോക്​ടർ ശശാങ്ക്​ ജോഷി, ഡെൽഹിയിലെ ഡോ. അനൂപ്​ മിശ്ര എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം. രോഗം ബാധിച്ച ഇന്ത്യയിലെ 82 പേരെയും യു.എസിലെ ഒൻപതുപേരെയും ഇറാനിലെ മൂന്നുപേരെയുമാണ്​ പഠനവിധേയമാക്കിയത്​.

Related Articles