സലൈൻ ഗാർഗിൾ ആർടി-പിസിആർ': കോവിഡ് പരിശോധന ഇനി വേഗത്തിലാക്കാം

  • 28/05/2021



ന്യൂഡൽഹി: കോവിഡ് പരിശോധന വേഗത്തിലാക്കാൻ പുതിയ 'സലൈൻ ഗാർഗിൾ ആർടി-പിസിആർ' മാർഗം വികസിപ്പിച്ച് നാഗ്പുരിലെ നാഷണൽ എൻവയേൺമെന്റൽ എൻജീനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എൻ.ഇ.ഇ.ആർ.ഐ). വേഗത്തിലും എളുപ്പത്തിലും സ്രവം ശേഖരിച്ച് പരിശോധന നടത്താൻ പുതിയ മാർഗത്തിലൂടെ സാധിക്കും. സ്വന്തമായി ചെയ്യാവുന്ന പരിശോധനയിലൂടെ മൂന്ന് മണിക്കൂറിനകം ഫലമറിയാം.

സലൈൻ ലായനി നിറച്ച പ്രത്യേക കലക്ഷൻ ട്യൂബാണ് പരിശോധനയ്ക്കായി ഉപയോഗിക്കുന്നത്. ഇതിലെ സലൈൻ ലായനി തൊണ്ടയിലൊഴിച്ച് കുലുക്കുഴിഞ്ഞ ശേഷം ഇതേ ട്യൂബിലേക്ക് തന്നെ ശേഖരിക്കണം. ഈ ട്യൂബ് ലാബിലെത്തിച്ച് സാധാരണ താപനിലയിൽ പ്രത്യേക ലായനിയൽ സൂക്ഷിക്കും. പിന്നീട് ഇത് ചൂടാക്കിയ ശേഷമാണ് പരിശോധന നടത്തുന്നത്.

എളുപ്പവും വേഗതയേറിയതും ചെലവ് കുറഞ്ഞതും രോഗികൾക്ക് ബുദ്ധിമുട്ടില്ലാത്തതുമാണ് പുതിയ മാർഗമെന്ന് കൗൺസിൽ ഫോർ സയിന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ) വ്യക്തമാക്കി. കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങളിൽ ഗ്രാമീണ, ഗോത്ര മേഖലകൾക്ക് ഈ പരിശോധന അനുയോജ്യമാണെന്നും സി.എസ്.ഐ.ആർ പറയുന്നു.

കൂടുതൽ സമയം ആവശ്യമായ നിലവിലെ സ്രവ സാംപിൾ ശേഖരിച്ചുള്ള പരിശോധന രോഗികൾക്ക് ബുദ്ധിമുട്ടാണ്. എന്നാൽ സലൈൻ ഗാർഗിൾ മാർഗം രോഗികൾക്ക് സൗകര്യപ്രദമാണെന്നും മൂന്ന് മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുമെന്നും എൻഇഇആർഐ സീനിയർ സയന്റിസ്റ്റ് ഡോ കൃഷ്ണ ഖയിർനാർ പറഞ്ഞു.

പുതിയ പരിശോധന മാർഗവുമായി മുന്നോട്ടുപോകാൻ നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ അനുമതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ എൻഇഇആർഐ സലൈൻ ഗാർഹിൾ പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും സിഎസ്ഐആർ വ്യക്തമാക്കി.

Related Articles