ദീർഘസമയത്തെ ജോലിഭാരം മരണനിരക്ക് ഉയർത്തുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

  • 01/06/2021

ജനീവ: ദീർഘസമയം ഇരുന്ന് ജോലി ചെയ്യുന്നവരിൽ ലക്ഷക്കണക്കിന് പേരാണ് പ്രതിവർഷം ലോകത്ത് മരണത്തിന് കീഴടങ്ങുന്നത്. എന്നാൽ കൊറോണ മഹാമാരിക്ക് ശേഷം ആ മരണനിരക്ക് ഇനിയും ഉയർന്നേക്കുമെന്ന മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന. 2016 ൽ ദീർഘസമയത്തെ ജോലിഭാരം കാരണം പക്ഷാഘാതം വന്നും ഹൃദയാഘാതം വന്നും മരിച്ചത് 745000പേരാണ്. എൻവയോൺമെൻറ് ഇൻറർനാഷണൽ ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇത് സംബന്ധിച്ചുള്ള വിവരമുള്ളത്.

2016 നേക്കാൾ 2000ൽ നിന്ന് 30 ശതമാനം വർധനവാണ് മരണനിരക്കിലുണ്ടായിരിക്കുന്നത്. ആഴ്ചയിൽ 55 മണിക്കൂറോ അതിലധികമോ സമയം ജോലി ചെയ്യേണ്ടിവരുന്നവർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാവാൻ സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ പരിസ്ഥിതി, കാലാവസ്ഥ, ആരോഗ്യ വിഭാഗത്തിൻറെ മേധാവി മരിയ നെയ്റ പറയുന്നു. പുറത്തുവന്ന പുതിയ പഠനത്തിൻറെ ഭാഗമായി ജോലിക്കാരുടെ സംരക്ഷണത്തിനായി കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു.

ഇൻറർനാഷണൽ ലേബർ ഓർഗനൈസേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് പഠനം നടത്തിയിരിക്കുന്നത്. ഇത്തരത്തിൽ മരണത്തിന് കീഴ്പ്പെടുന്ന 72 ശതമാനം പേരും പുരുഷന്മാരാണെന്നും പഠനം പറയുന്നു. ചൈന, ജപ്പാൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിലുള്ള ജോലിക്കാരാണ് ഇത്തരത്തിൽ മരണത്തിന് പെട്ടെന്ന് കീഴടങ്ങുന്നതെന്നും പഠനം വെളിപ്പെടുത്തുന്നു.

194 രാജ്യങ്ങളിലുള്ളവരെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. ആഴ്ചയിൽ 55 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവരിൽ പക്ഷാഘാതം സംഭവിക്കാൻ 35 ശതമാനം അധികം സാധ്യതയുണ്ട്. കൂടാതെ ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യത 35മുതൽ 40മണിക്കൂർ വരെ ജോലിയെടുക്കുന്നവരെ അപേക്ഷിച്ച്‌ 17 ശതമാനവും കൂടുതലാണെന്നും പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. 

എന്നാൽ കൊറോണ ലോകത്ത് ഇത്തരത്തിലുള്ള മരണനിരക്ക് കൂടുതൽ ഉയരുമെന്ന ആശങ്കയാണ് ഗവേഷകർ പങ്കുവെക്കുന്നത്. ലോകത്ത് ജോലിക്കാരുടെ ജോലിസമയം വല്ലാതെ കൂടിയിട്ടുണ്ട്. 9 ശതമാനം ആളുകളെങ്കിലും കൂടുതൽ മണിക്കൂർ ജോലിചെയ്യുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

Related Articles