അബ്ബാസിയയിൽ റോഡുകളിൽ മലിനജലം, ഗട്ടറുകൾ ; ആരോഗ്യ ഭീഷണി ഉയരുന്നു

  • 18/11/2025


കുവൈത്ത് സിറ്റി: അബ്ബാസിയയിലെ ബ്ലോക്ക് 4-ലെ സ്ട്രീറ്റ് 6, സ്ട്രീറ്റ് 8 എന്നിവിടങ്ങളിൽ മലിനജലം കവിഞ്ഞൊഴുകുന്നതിൽ (ഓവർഫ്ലോ) പ്രദേശവാസികൾ ആശങ്കയിൽ. യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിന് സമീപത്തുള്ള ഈ റെസിഡൻഷ്യൽ ഏരിയയിൽ താമസിക്കുന്ന പ്രവാസി കുടുംബങ്ങളാണ് പ്രധാനമായും ഈ പ്രശ്‌നം കാരണം ദുരിതമനുഭവിക്കുന്നത്. ഓടകളിൽ നിന്ന് ദിവസവും വെള്ളം റോഡിലേക്ക് ഒഴുകുന്നത് പ്രദേശവാസികൾക്ക് കടുത്ത ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. കവിഞ്ഞൊഴുകുന്ന വെള്ളക്കെട്ടിലൂടെ നടക്കുന്നത് സ്‌കൂളിൽ പോകുന്ന കുട്ടികൾക്ക് അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്നു. കൂടാതെ, പ്രായമായ താമസക്കാരും ഈ അപകടകരമായ സാഹചര്യങ്ങളുമായി പൊരുതുകയാണ്. കെട്ടിക്കിടക്കുന്ന വെള്ളം കൊതുകുകൾ പെരുകാനും ഇത് ഗുരുതരമായ ആരോഗ്യപരമായ ഭീഷണികൾക്ക് കാരണമായേക്കാം എന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി. താമസക്കാർ പകർത്തിയ ദൃശ്യങ്ങൾ, റോഡുകളിലെ വെള്ളക്കെട്ടും അടഞ്ഞ ഡ്രെയിനേജും ഉൾപ്പെടെയുള്ള മോശമായ അവസ്ഥ വ്യക്തമാക്കുന്നുണ്ട്. പ്രശ്നം പരിഹരിക്കുന്നതിന് മുനിസിപ്പാലിറ്റി അധികൃതർ ഇതുവരെ സമയബന്ധിതമായി നടപടിയെടുത്തിട്ടില്ല. ഇത് സമൂഹത്തിൽ നിരാശയും സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും വർദ്ധിപ്പിക്കുകയാണ്.

Related News