മാഗിയടക്കം ഭൂരിപക്ഷം ഭക്ഷ്യ ഉൽപന്നങ്ങളും അനാരോഗ്യകരമാണെന്ന്​ നെസ്​ലെ അഭ്യന്തര റിപ്പോർട്ട്

  • 02/06/2021

ലണ്ടൻ: മാഗി ഉൾപ്പടെ തങ്ങളുടെ ഭൂരിപക്ഷം ഭക്ഷ്യ ഉൽപന്നങ്ങളും അനാരോഗ്യകരമാണെന്ന്​ നെസ്​ലെയുടെ അഭ്യന്തര റിപ്പോർട്ട്​. തങ്ങളുടെ അനാരോഗ്യകരമായ പ്രവണതകൾ മറികടക്കാനായുള്ള നടപടികളിലാണ്​ കമ്പനിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. കമ്പനിയുടെ ഉയർന്ന തസ്​തികകളിലുള്ള എക്​സിക്യൂട്ടീവുകൾക്ക്​ അയച്ച റിപ്പോർട്ടിലാണ്​ ഇക്കാര്യം പറയുന്നത്​.

ചോക്​ളേറ്റുകൾ അടക്കമുള്ള 60 ശതമാനം നെസ്​ലെ ഉൽപന്നങ്ങളും ആരോഗ്യസ്ഥിതിക്ക്​ ഗുണകരമാകുന്നതല്ല എന്നാണ്​ റിപ്പോർട്ടിലെ പ്രധാന ഉള്ളടക്കം. ബേബി ഫുഡ്​, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണം, കോഫി, മെഡിക്കൽ ഉൽപന്നങ്ങൾ എന്നിവ സംബന്ധിച്ച റിപ്പോർട്ട്​ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

ചില തരം ഉൽപന്നങ്ങൾ എത്രതന്നെ ആരോഗ്യകരമാക്കാൻ ശ്രമിച്ചാലും സാധിക്കില്ലെന്നും നെസ്​ലെ പറയുന്നു. കമ്പനിയുടെ 37 ശതമാനം ഉൽപന്നങ്ങൾ ആസ്​ട്രേലിയയിലെ ഫുഡ്​​ റേറ്റിങ്ങിൽ 5ൽ 3.5 സ്​റ്റാറിൽ അധികം നേടിയിട്ടുണ്ട്​. കമ്പനിയുടെ വെള്ളവുമായും പാലുമായും ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ മികച്ച ഗുണനിലവാരം പുലർത്തുന്നായി റിപ്പോർട്ടിൽ പറയുന്നു.

വെള്ളവുമായി ബന്ധപ്പെട്ട 82 ശതമാനം ഉൽപന്നങ്ങളും പാലുമായി ബന്ധപ്പെട്ട 60 ശതമാനം ഉൽപന്നങ്ങളും 3.5 സ്​റ്റാറിൽ അധികം നേടിയിട്ടുണ്ട്​. ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉയർത്താൻ പ്രത്യേക പദ്ധതികൾ ആവിഷ്​കരിക്കുമെന്നും നെസ്​ലെ പറയുന്നു.

Related Articles