തലച്ചോറിനെ ബാധിക്കുന്ന അജ്ഞാത രോഗത്തിന്റെ പിടിയിൽ കാനഡ; ഇതിനകം പിടിപെട്ടത് 48 പേർക്ക്; 6 മരണം

  • 06/06/2021

ഒട്ടാവ: തലച്ചോറിനെ ബാധിക്കുന്നതെന്ന് കരുതുന്ന അജ്ഞാത രോഗത്തിന്റെ ഭീതിയിൽ കാനഡ. കാഴ്ച, കേൾവി പ്രശ്നങ്ങൾ, സ്മൃതിനാശം, ശരീരത്തിന്റെ സംതുലനം നഷ്ടപ്പെടൽ, നടക്കാൻ പ്രയാസം എന്നിങ്ങനെയുള്ള ലക്ഷണങ്ങളോടു കൂടിയ അസുഖം ഇതുവരെ പിടിപെട്ടത് 48 പേർക്ക്. സ്ത്രീകളും പുരുഷൻമാരും രോഗബാധിതരായിട്ടുണ്ട്. കാനഡയിലെ ന്യൂ ബ്രൺസ്വിക് പ്രവിശ്യയിലാണ് ഈ അജ്ഞാത രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതുകൊണ്ടുതന്നെ "ന്യൂ ബ്രൺസ്വിക് സിൻഡ്രോം" എന്നാണ് രോഗത്തിന് പേരുനൽകിയിരിക്കുന്നത്.

ആറ് പേർ രോഗം ബാധിച്ച്‌ മരിച്ചതായും റിപ്പോർടുകൾ വ്യക്തമാക്കുന്നു. 18നും 85നും ഇടയിൽ പ്രായമുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം തലച്ചോറിനെയാണ് ബാധിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇത് വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കരുതുന്നത്.

രോഗബാധയ്ക്കു കാരണമാകുന്നത് എന്താണെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. എന്നാൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന അജ്ഞാത രോഗം ഭയപ്പെടുത്തുന്ന ഒന്നാണെന്ന് ന്യൂ ബ്രൺസ്വിക്ക് ആരോഗ്യ മന്ത്രി ഡോറോത്തി ഷെപേർഡ് പറഞ്ഞു. രോഗം സംബന്ധിച്ച്‌ ജനങ്ങൾക്കിടയിൽ ആശങ്ക ഉയർന്നിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

രോഗത്തിന്റെ കാരണം സംബന്ധിച്ച്‌ പഠനം നടത്തുന്നതിന് പ്രത്യേക വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മൃഗങ്ങളിൽ നിന്ന് രോഗം ഉണ്ടാവാനുള്ള സാധ്യതകളെക്കുറിച്ചും പാരിസ്ഥിതിക ഘടകങ്ങളെക്കുറിച്ചും അന്വേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ കൃത്യമായ നിഗമനങ്ങളിൽ എത്തിച്ചേരാൻ ഗവേഷകർക്ക് കഴിഞ്ഞിട്ടില്ല. എല്ലാവിധ സാധ്യതകളും പരിശോധിച്ചുവരികയാണെന്നും വൈകാതെ വ്യക്തമാകൂമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദഗ്ധ സമിതി അധ്യക്ഷൻ ഡോ. എഡ്വേർഡ് ഹെന്റിക്സ് പറഞ്ഞു.

വിഷാംശം, ബാക്ടീരിയ, വൈറസ് തുടങ്ങിയവയുടെ സാധ്യതകളും പരിശോധിക്കുന്നുണ്ട്. രോഗത്തിന്റെ ഉറവിടം സംബന്ധിച്ച്‌ നിഗമനത്തിൽ എത്തിച്ചേരാൻ സാധിക്കാത്തതിനാൽ രോഗപ്രതിരോധം സംബന്ധിച്ച്‌ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും കഴിഞ്ഞിട്ടില്ല. അജ്ഞാത രോഗബാധ സംശയിക്കുന്നവരെ ചികിത്സിക്കുന്നതിന് പ്രത്യേക ക്ലിനിക്ക് ആരംഭിച്ചിട്ടുണ്ട്.

വിചിത്രമായ ലക്ഷണങ്ങളോടു കൂടിയ അജ്ഞാത രോഗം ന്യൂ ബ്രൺസ്വിക് മേഖലയിൽ ആദ്യം സ്ഥിരീകരിക്കുന്നത് 2015ൽ ന്യൂറോളജിസ്റ്റ് ആയ ഡോ. എലിയർ മറേറോ ആണ്. അതിനു ശേഷം പലരിലും ഈ രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. 2020-ഓടെയാണ് സമാന ലക്ഷണങ്ങളോടെ നിരവധി പേർ ചികിത്സ തേടിയത്. ഇതോടെയാണ് രോഗം വ്യാപകമാകുന്നതായി ആശങ്കയുയർന്നത്. ഏതാനും മാസങ്ങളായി ന്യൂ ബ്രൺസ്വിക് മേഖലയിലുള്ള നിരവധി പേരിൽ അജ്ഞാത രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമായിരുന്നുവെന്ന് ആരോഗ്യവിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles