കോവിഡ് ഭേദമായവർക്ക് മുടി കൊഴിച്ചിലും ചർമ്മരോഗങ്ങളും; കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച്‌ അറിയാം

  • 09/06/2021

രണ്ട് മാസത്തെ കനത്ത രോഗ വ്യാപനത്തിന് ശേഷം കോവിഡ് രണ്ടാം തരംഗം ക്രമേണ കുറയുന്നു. ദിവസേനയുള്ള കേസുകൾ ഇപ്പോൾ ഒരു ലക്ഷത്തിന് താഴെയെത്തി. എന്നാൽ കോവിഡ് ബാധിച്ച്‌ പ്രതിദിനം രണ്ടായിരത്തിലധികം ആളുകൾ മരിക്കുന്നുണ്ട്. രണ്ടാം തരംഗത്തിന്റെ ഏറ്റവും ഉയർന്ന സമയത്ത്, ഇന്ത്യ പ്രതിദിനം നാല് ലക്ഷത്തിലധികം കേസുകളും 4,500 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ കോവിഡ് മുക്തരായവരിൽ അസാധാരണമായ ചില ആരോഗ്യ പ്രശ്നങ്ങൾ കൂടി കണ്ടുവരുന്നുണ്ട്. ഡൽഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് ഹെർപ്പസ്, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള പരാതികൾ ഉയരുന്നത്. 

രോഗപ്രതിരോധ ശേഷിയിലെ ചില മാറ്റങ്ങൾ കാരണം സുഖം പ്രാപിച്ച ചില രോഗികൾക്ക് ഹെർപ്പസ് ബാധയുണ്ടെന്ന് ഡൽഹിയിലെ അപ്പോളോ ഹോസ്പിറ്റലിലെ ചർമ്മരോഗവിദഗ്ദ്ധൻ ഡോ. ഡി.എം മഹാജൻ പറഞ്ഞു. അതേസമയം, കോവിഡ് രോഗികൾക്കിടയിൽ മുടിയും നഖവുമായി ബന്ധപ്പെട്ട രോഗങ്ങളും പ്രകടമാകുന്നുണ്ടെന്നും ഇത് അവരുടെ പ്രതിരോധശേഷി ദുർബലമായതിനാലാണെന്നും ഡെർമറ്റോളജിസ്റ്റും ഹെയർ ട്രാൻസ്പ്ലാൻറ് സർജനുമായ ഡോ. സോനാലി കോഹ്‌ലി വെളിപ്പെടുത്തി.

കോവിഡ് -19 ൽ നിന്ന് കരകയറിയ നിരവധി പേർ മുടി കൊഴിച്ചിൽ അനുഭവപ്പെടുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ചിലരുടെ നഖങ്ങൾ തവിട്ടു നിറമാകുന്നുണ്ട്. കോവിഡിന് ശേഷം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ഡോക്ടർമാരെ സമീപിക്കണമെന്നാണ് വിദഗ്ദ്ധരുടെ നിർദ്ദേശം.

മാത്രമല്ല, കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വേരിയന്റ് ബാധിച്ചവരിൽ ശ്രവണ വൈകല്യത്തിനും രക്തം കട്ടപിടിക്കുന്ന അവസ്ഥയ്ക്കും വരെ കാരണമാകുന്നുണ്ടെന്നും ഡോക്ടർമാർ സംശയിക്കുന്നു. മുംബൈ ആസ്ഥാനമായുള്ള കാർഡിയോളജിസ്റ്റ് ഗണേഷ് മനുധാനെ ഇത്തരം ഗുരുതരമായ സങ്കീർണതകൾ വർദ്ധിക്കുന്നത് ഡെൽറ്റ വേരിയന്റിന്റെ ഫലമാണെന്ന് സംശയിക്കുന്നതായി പറഞ്ഞു. B.1.617.2 എന്നറിയപ്പെടുന്ന ഡെൽറ്റ വേരിയന്റ് ഇന്ത്യയിലാണ് ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം 60 ലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്.

Related Articles