രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകൾ കൂടുന്നു; മൂന്നാഴ്ചയ്ക്കിടെ 150 ശതമാനം വർധനവ്

  • 11/06/2021

ന്യൂ ഡെൽഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകൾ വർദ്ധിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 150 ശതമാനം വർധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം രാജ്യത്ത് ഇതുവരെ 31216 കേസുകളും 2109 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ ബ്ലാക്ക് ഫംഗസ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിൽ നിന്നാണ്.

ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചവർക്ക് ചികിത്സിക്കനായി ഉപയോഗിക്കുന്ന ആംഫോടെറിസിൻ-ബി എന്ന മരുന്നിന് നേരിടുന്ന ക്ഷാമവും കേസുകൾ വർധിക്കുന്നതിന് കാരണമായി. മഹാരാഷ്ട്രയിൽ ഇതുവരെ 7057 കേസുകളും 609 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഗുജറാത്തിലാണ് ഇതിനു ശേഷം ഏറ്റവും കൂടുതൽ ബ്ലാക്ക് ഫംഗസ് കേസുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. 5418 കേസുകളും 323 മരണങ്ങളുമാണ് ഗുജറാത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജസ്ഥാൻ 2976 ബ്ലാക്ക് ഫംഗസ് കേസുകളും 188 മരണം, ഉത്തർപ്രദേശ് 1744 കേസുകളും 142 മരണങ്ങളും എന്നിങ്ങനെയാണ് കൂടുതൽ ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ.

ഡെൽഹിയിൽ ഇതുവരെ 1200 പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുകയും 125 മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഝാർഖണ്ഡിലാണ് ഏറ്റവും കുറവ് ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 96 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പശ്ചിമ ബംഗാളിലാണ് കുറവ് മരണം സ്ഥിരീകരിച്ചിട്ടുള്ളത്. ബ്ലാക്ക് ഫംഗസ് ബാധിച്ച്‌ 23 മരണമാണ് ബംഗാളിൽ റിപ്പോർട്ട് ചെയ്തത്. കൊറോണ സ്ഥിരീകരിച്ചവരിലാണ് ബ്ലാക്ക് ഫംഗസ് കൂടുതലായി ബാധിക്കുന്നത്.

Related Articles