കൊറോണ പിടിപ്പെട്ടാൽ ആരോഗ്യം വീണ്ടെടുക്കാന്‍ ഒരു വര്‍ഷത്തിലധികം എടുക്കാം; പുതിയ പഠന റിപ്പോര്‍ട്ട്

  • 27/08/2021


ബെയ്ജിങ്: കൊറോണ പിടിപ്പെട്ടതിന് ശേഷം പലര്‍ക്കും ആരോഗ്യം വീണ്ടെടുക്കാന്‍ ഒരു വര്‍ഷത്തിലധികം സമയമെടുക്കുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. വൈറസ് ബാധിച്ച്‌ നെഗറ്റീവായതിന് ശേഷവും വിവിധ തരം ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഭൂരിഭാഗം ആളുകളും വൈദ്യസഹായം തേടിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

വുഹാനില്‍ 1,276 കൊറോണ ബാധിതരിലാണ് പഠനം നടത്തിയത്. ഇവരില്‍ മൂന്നിലൊന്ന് പേര്‍ക്കും രോഗം ബാധിച്ച്‌ ഒരു വര്‍ഷത്തിന് ശേഷവും ശ്വാസതടസം സംബന്ധിച്ച ബുദ്ധിമുട്ടുകളും ശ്വാസകോശ തകരാറുകളും ഉണ്ടെന്നാണ് വിവരം.

വൈറസിനെ അതിജീവിച്ചവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച്‌ ആരോഗ്യസ്ഥിതിയെ ബാധിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കൊറോണ പിടിപ്പെട്ട സമയത്ത് ആരോഗ്യസ്ഥിതി വഷളായവര്‍ക്കാണ് കൊറോണാനന്തരവും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ക്ഷീണവും പേശികള്‍ക്ക് ബലഹീനതയും അനുഭവിക്കുന്നവരാണ് ഏറെയും.

അതിനാല്‍ നെഗറ്റീവായാലും പൂര്‍ണാരോഗ്യം തിരികെ ലഭിക്കാന്‍ ഒരു വര്‍ഷത്തിലധികം സമയമെടുക്കുമെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ജനുവരി-മെയ് മാസങ്ങളില്‍ കൊറോണമുക്തി നേടിയവരിലാണ് വുഹാനിലെ ഗവേഷണ വിഭാഗം പഠനം നടത്തിയത്.

Related Articles