സൂറിച്ച്: ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ലാറ്റിനമേരിക്കൻ താരങ്ങളെ വിട്ടുനൽകില്ല എന്ന നിലപാടില്‍ യൂറോപ്യൻ ക്ലബുകൾക്ക് തിരിച്ചടി. രാജ്യങ്ങൾക്ക് താരങ്ങളെ വിട്ടുനൽകണമെന്ന് കായികതർക്ക പരിഹാര കോടതി വിധിച്ചു. ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ വിധിയെ സ്വാഗതം ചെയ്‌തു.ലാറ്റിനമേരിക്കയിലെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ഒരു ഇടവേളയ്‌ക്ക് ശേഷം അടുത്തയാഴ്‌ച തുടക്കമാവുകയാണ്. താരങ്ങളെ വിട്ടുനൽകണമെന്ന ഫിഫയുടെ നിർദേശത്തിനെതിരെ ലാ ലിഗ നൽകിയ ഹർജിയാണ് കായിക തർക്കപരിഹാര കോടതി തള്ളിയത്. താരങ്ങൾക്ക് പരിശീലനവും സൗകര്യങ്ങളുമൊരുക്കുന്ന ക്ലബുകൾക്ക് വൻനഷ്‌ടമാണ് നീക്കത്തിലൂടെയുണ്ടാകുന്നതെന്ന് ലാ ലിഗ വാദിച്ചെങ്കിലും ഫിഫയുടെ തീരുമാനത്തിന് അനുകൂലമായി കോടതി വിധിച്ചു. കൊറോണ ചുവപ്പ് പട്ടികയിലുള്ള രാജ്യങ്ങളിൽ കളിക്കാൻ പോകുന്ന താരങ്ങൾ തിരിച്ചെത്തിയാൽ ക്വാറന്റീൻ പൂർത്തിയാക്കണം. ഇതോടെ സെപ്റ്റംബർ അഞ്ചിന് നടക്കാനിരിക്കുന്ന ബ്രസീല്‍-അർജന്റീന സൂപ്പര്‍ പോരാട്ടത്തിന്‍റെയടക്കം മാറ്റ് കുറയുമെന്ന ആശങ്കയുണ്ടായിരുന്നു. കായികതർക്ക പരിഹാര കോടതിയുടെ വിധിയെ ഫിഫ പ്രസിഡന്‍റ് ഇൻഫാന്‍റിനോ സ്വാഗതം ചെയ്തു. അടുത്ത മൂന്ന് മാസവും ലോകകപ്പ് യോഗ്യത മത്സരങ്ങളുണ്ട്.കൊറോണ ചുവപ്പ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യങ്ങളിലേക്ക് ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്കായി താരങ്ങളെ വിട്ടുനൽകില്ലെന്നാണ് പ്രീമിയർ ലീഗും ലാ ലിഗയും നേരത്തെ വ്യക്തമാക്കിയത്. ഈ രാജ്യങ്ങളിലേക്ക് താരങ്ങൾ യാത്ര ചെയ്‌താൽ കൊറോണ ബാധയ്‌ക്കുള്ള സാധ്യത കൂടുതലാണെന്നും തിരിച്ചെത്തുമ്പോൾ ഐസൊലേഷൻ ഒഴിവാക്കാൻ കഴിയില്ലെന്നും ലീഗുകൾ വ്യക്തമാക്കി. എന്നാല്‍ ലോക ഫുട്ബോളിലെ ഏറ്റവും വലിയ പോരാട്ടവേദിയുടെ യോഗ്യതാ മത്സരങ്ങള്‍ക്കായി താരങ്ങളെ വിട്ടുനല്‍കില്ലെന്ന യൂറോപ്യന്‍ ക്ലബുകളുടെ നിലപാടിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. പ്രീമിയര്‍ ലീഗിന്‍റെ തീരുമാനത്തെ വിമര്‍ശിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഉറുഗ്വേ താരം എഡിന്‍സൺ കവാനി രംഗത്തെത്തിയിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?