ഇൻസുലിൻ ഇനി തണുപ്പിക്കാതെയും ഉപയോഗിക്കാം: കണ്ടുപിടിത്തവുമായി ശാസ്ത്രജ്ഞർ

  • 25/09/2021


കൊൽക്കത്ത: ഇൻസുലിൻ ശീതീകരിച്ച് സൂക്ഷിക്കുക എന്നത് പ്രമേഹരോഗികൾ നേരിട്ട ഏറ്റവും വലിയ പ്രശ്‌നമാണ്. എന്നാൽ ഈ പ്രശ്‌നത്തിന് പരിഹാരമായി എത്തിയിരിക്കുകയാണ് ഒരു സംഘം ശാസ്ത്രജ്ഞർ. കൊൽക്കത്ത സ്വദേശികളായ രണ്ട് പേരുൾപ്പെടെയുളള ശാസ്ത്രസംഘമാണ് വൈദ്യശാസ്ത്ര രംഗത്തിന് പുതിയ പ്രതീക്ഷ പകരുന്ന ഈ ഉദ്യമത്തിന് പിന്നിൽ. ഫ്രിഡ്ജിന് പുറത്തെ ഉയർന്ന താപനിലയെ അതിജീവിക്കാൻ ശേഷിയുളള തെർമ്മോസ്റ്റേബിൾ ഇനം ഇൻസുലിനാണ് ഇവർ വികസിപ്പിച്ചത്.

അന്താരാഷ്‌ട്ര സയൻസ് ജോർണലായ ഐസയൻസ് ഗവേഷണത്തെ പ്രശംസിച്ചു. സാധരണ നിലയിൽ ഇൻസുലിൻ 4 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കണം. എന്നാൽ പുതിയ ഇനത്തിന് 65 ഡിഗ്രി സെൽഷ്യസ് വരെ താപനില നേരിടാൻ കഴിയുന്നതാണ്. ഇൻസു-ലോക്ക് എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. ഇൻസുലിന്റെ ഘടനാപരമായ രൂപകൽപ്പനയ്‌ക്ക് നാല് വർഷം നീണ്ട ഗവേഷണം ആവശ്യമായി വന്നു. ഡിഎസ്ടിയും, കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും ചേർന്നാണ് ഗവേഷണത്തിന് ആവശ്യമായ ധനസഹായം നൽകിയത്.

ബോസ് ഇൻസ്റ്റിറ്റ്യൂട്ടിലെയും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ബയോളജിയിലെയും(ഐഐസിബി) രണ്ട് ശാസ്ത്രജ്ഞരും, ഹൈദരാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്‌നേളജിയിലെ(ഐഐസിടി) രണ്ട് ശാസ്ത്രജ്ഞരും ഗവേഷണത്തിന് നേതൃത്വം നൽകി.

നിലവിൽ രാജ്യത്ത് എട്ട് കോടി ആളുകൾക്ക് പ്രമേഹം ബാധിച്ചിട്ടുണ്ടെന്നാണ് ഈ ശാസ്ത്രസംഘത്തിന് ലഭിച്ച കണക്ക്. കൊൽക്കത്തയിൽ, ജനസംഖ്യയുടെ 13 ശതമാനത്തിലധികം പ്രമേഹരോഗികളുണ്ട്. ഇതിൽ പകുതിയും ഇൻസുലിൻ കുത്തിവയ്പ്പിനെ ആശ്രയിക്കുന്നവരാണ്. 12 മണിക്കൂർ ഫ്രിഡ്ജിന് പുറത്ത് സൂക്ഷിച്ചാൽ മരുന്ന് ഉപയോഗശൂന്യമാകുമെന്ന വെല്ലുവിളിയും പ്രമേഹ രോഗികൾ നേരിട്ടിരുന്നു. ഈ പ്രതിസന്ധികൾ മറികടക്കാൻ ഗവേഷണം ഉപകരിക്കും.

Related Articles