അമിതവണ്ണമുള്ളവരിലും കൊവിഡ് തീവ്രമാകാനുള്ള സാധ്യത കൂടുതലാണെന്ന് നിങ്ങള്‍ കേട്ടിരിക്കാം. എന്താണ് ഇതിലെ വാസ്തവമെന്ന് ചിന്തിച്ചിട്ടുണ്ടോ? പല പഠനങ്ങളും മുമ്പേ തന്നെ ഇക്കാര്യം സൂചിപ്പിച്ച് കടന്നുപോയിട്ടുള്ളതാണ്. അമേരിക്കയിലെ 'സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍' ( സിഡിസി ) പറയുന്നത് പ്രകാരം, അമിതവണ്ണമുള്ളവരില്‍ കൊവിഡ് കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കും. ശരാശരി വണ്ണമുള്ള ഒരാളെക്കാള്‍ അമിതവണ്ണമുള്ളയാളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതലായിരിക്കും. ഇതുതന്നെ കൊവിഡിന്റെ കാര്യത്തിലും ബാധകമാണെന്ന് സിഡിസി വ്യക്തമാക്കുന്നു. വണ്ണം കൂടുതലുള്ളവരില്‍ ശ്വാസകോശത്തിന്റെ ശക്തി കുറവായിരിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ കൊവിഡും ഗുരുതരമാകാമെന്നും ചില പഠനങ്ങള്‍ വിശദീകരിക്കുന്നു. ഇത്തരക്കാരില്‍ കൊവിഡ് മൂലമുള്ള ശ്വാസതടസം, നെഞ്ചുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ കൂടുതലായി കാണാമെന്നും പഠനങ്ങള്‍ പറയുന്നു. ഈ അടുത്തായി യുഎസിലുള്ള രണ്ട് യൂണിവേഴ്‌സിറ്റികളില്‍ നിന്നായി ഗവേഷകരുടെ ഒരു സംഘം നടത്തിയ പഠനത്തിന്റെ നിഗമനവും വണ്ണമുള്ളവരില്‍ കൊവിഡ് തീവ്രമാകാനും മരണനിരക്ക് കൂടാനുമുള്ള സാധ്യത ഏറെയാണെന്നാണ്. 154 രാജ്യങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് പേരുടെ കേസ് വിശദാംശങ്ങള്‍ ഇതിനായി ഗവേഷകര്‍ പഠിച്ചുവത്രേ. 'ശരാശരി വണ്ണമുള്ള മുതിര്‍ന്ന ഒരാളെ താരതമ്യപ്പെടുത്തുമ്പോള്‍ അമിതവണ്ണമുള്ള മുതിര്‍ന്ന ഒരാളില്‍ കൊവിഡ് മരണസാധ്യത കൂടുതലാണെന്നാണ് ഞങ്ങള്‍ കണ്ടെത്തിയത്. അമിതവണ്ണമുള്ളവരില്‍ മറഞ്ഞിരിക്കുന്ന പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും അസുഖങ്ങളുമെല്ലാം അതില്‍ ഘടകമായി വരുന്നുണ്ട്...'- പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകന്‍ ഹാമിദ് ബെലാദി പറയുന്നു. വണ്ണം കൂടുതലുള്ളവര്‍ ആരോഗ്യകാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുക, ഡയറ്റ്- വ്യായാമം പോലുള്ള ജീവിതരീതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക, മറ്റ് അസുഖങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ സമയബന്ധിതമായി കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുക, കൊവിഡ് പ്രതിരോധം ഫലപ്രദമായി നടത്തുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഈ സാഹചര്യത്തില്‍ ശ്രദ്ധിക്കാനുള്ളതെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?