വൈരം മനസിലല്ല, മൈതാനത്ത് മാത്രം; മത്സരത്തിനു ശേഷം പാക് താരങ്ങളുമായി സമയം ചെലവിട്ട് കോലിയും ധോനിയും

  • 25/10/2021

ദുബായ്: ക്രിക്കറ്റ് ലോകത്തെ വാശിയേറിയ പോരാട്ടങ്ങളിലൊന്നാണ് ഇന്ത്യ - പാകിസ്താൻ മത്സരം. ലോകകപ്പ് വേദികളിലാണെങ്കിൽ അതിന് വീറും വാശിയും കൂടും. ട്വന്റി 20 ലോകകപ്പിൽ ഞായറാഴ്ച നടന്ന ഇന്ത്യ - പാക് പോരാട്ടവും അത്തരത്തിൽ തന്നെയായിരുന്നു. നിറഞ്ഞുകവിഞ്ഞ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലായിരുന്നു മത്സരം. ലോകമെമ്പാടും 100 കോടിയിലേറെ പേരാണ് മത്സരം കണ്ടത്.

ഒരു ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ആദ്യമായി പാകിസ്താനോട് തോറ്റതും കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലായിരുന്നു. ഇന്ത്യ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ അർധ സെഞ്ചുറി നേടിയ മുഹമ്മദ് റിസ്വാൻ, ക്യാപ്റ്റൻ ബാബർ അസം എന്നിവരുടെ മികവിൽ 10 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്.

മത്സര ശേഷം പാക് താരങ്ങളോടുള്ള ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെയും മെന്ററായി ടീമിനൊപ്പമുള്ള മുൻ ക്യാപ്റ്റൻ എം.എസ് ധോനിയുടെയും പെരുമാറ്റം ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു.

പാകിസ്താൻ വിജയറൺ കുറിച്ച ശേഷം റിസ്വാനെയും ബാബറിനെയും പുഞ്ചിരിച്ച മുഖത്തോടുകൂടി അഭിനന്ദിക്കുന്ന കോലിയുടെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ഹാഷ്ടാഗിൽ ഈ ചിത്രം വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്.

ഇതോടൊപ്പം തന്നെ പാക് താരങ്ങളായ ബാബർ അസം, ഇമാദ് വസീം, ഷുഐബ് മാലിക് എന്നിവരുമായി സംസാരിച്ച് നിൽക്കുന്ന ധോനിയുടെ ചിത്രവും സോഷ്യൽ മീഡിയ ഏറ്റെടുത്തു.

Related Articles