'രാജ്യത്തിനായി കളിക്കുന്നതിനേക്കാളും പ്രാധാന്യം ഐപിഎലിന്; ഞങ്ങള്‍ എന്തു പറയാൻ?’

  • 08/11/2021

ന്യൂഡൽഹി∙ കാര്യങ്ങൾ പിന്നീടത്തേക്കു മാറ്റിവയ്ക്കാതെ ഇന്ത്യൻ ക്രിക്കറ്റ് ടീമും ബിസിസിഐയും അടുത്ത ലോകകപ്പിനു വേണ്ടി തയാറെടുപ്പുകൾ ആരംഭിക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റന്‍ കപിൽ ദേവ്. അടുത്ത വർഷം വീണ്ടും ലോകകപ്പ് നടക്കാനിരിക്കെയാണ് ഇന്ത്യൻ ടീമിന് ഉപദേശവുമായി കപിൽ ദേവ് രംഗത്തെത്തിയിരിക്കുന്നത്. ഇതു ഭാവിയിലേക്കു നോക്കേണ്ട സമയമാണ്. ഐപിഎൽ മത്സരങ്ങളും ലോകകപ്പും തമ്മിൽ നല്ല വ്യത്യാസമുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ചില താരങ്ങൾ ഐപിഎൽ കളിക്കുന്നതു പ്രധാനമായി കാണുന്നു. രാജ്യത്തിനു വേണ്ടി കളിക്കുന്നതിനു പ്രാധാന്യം നല്‍കുന്നില്ല.

ബിസിസിഐ ഇക്കാര്യം പരിശോധിക്കണം. എന്നാൽ താരങ്ങൾ ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കുന്നതിന് താൻ എതിരല്ലെന്നും കപിൽ ദേവ് ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. ചിലർ രാജ്യത്തിനു വേണ്ടി കളിക്കുന്നതിനേക്കാളും പ്രാധാന്യം ഐപിഎലിനു കൊടുക്കുമ്പോൾ ഞങ്ങൾക്ക് എന്തു പറയാനാകും? രാജ്യത്തിനായി കളിക്കുന്നതിൽ താരങ്ങൾ അഭിമാനം കൊള്ളണം. താരങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങൾ എനിക്ക് അറിയില്ല, അതുകൊണ്ടു തന്നെ ഈ വിഷയത്തിൽ അധികം സംസാരിക്കുന്നില്ല. എങ്കിലും ഏറ്റവും പ്രധാനപ്പെട്ടതു രാജ്യത്തിനു വേണ്ടി കളിക്കുന്നതാകണം, ഫ്രാഞ്ചൈസി ക്രിക്കറ്റ് പിന്നീട്.

ക്രിക്കറ്റ് മികച്ചതാക്കാനുള്ള ഉത്തരവാദിത്തം ബിസിസിഐയ്ക്കാണ്. ട്വന്റി20 ലോകകപ്പിൽ സംഭവിച്ചതുപോലുള്ള പിഴവുകൾ ഇനിയുണ്ടാകരുത്. ഇതു വലിയൊരു പാഠമാണെന്നും കപിൽ ദേവ് പ്രതികരിച്ചു. ട്വന്റി20 ലോകകപ്പിൽനിന്ന് ടീം ഇന്ത്യ പുറത്തായതിനു പിന്നാലെയാണു മുൻ ക്യാപ്റ്റന്റെ വിമര്‍ശനം. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോടും പിന്നീട് ന്യൂസീലൻഡിനോടും തോറ്റതാണ് ലോകകപ്പിൽ ഇന്ത്യയ്ക്കു തിരിച്ചടിയായത്. ലോകകപ്പിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് നമീബിയയെ നേരിടും.

Related Articles