കൊറോണ ചികിത്സയ്ക്കായി നൈട്രിക് ഓക്‌സൈഡ് നേസല്‍ സ്‌പ്രേ; ഇനി ഇന്ത്യയിലും ഉപയോഗിക്കാൻ അനുമതി

  • 13/02/2022


ന്യൂ ഡെൽഹി:. കൊറോണ ബാധിതരായ മുതിര്‍ന്നവരുടെ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്ന നൈട്രിക് ഓക്‌സൈഡ് നേസല്‍ സ്‌പ്രേ ഇന്ത്യയില്‍ പുറത്തിറങ്ങി. മുംബൈ ആസ്ഥാനമായ മരുന്ന് കമ്പനി ഗ്ലെന്‍മാര്‍ക്ക് ആണ് കനേഡിയന്‍ കമ്പനിയുടെ സഹകരണത്തോടെ ഫാബി സ്‌പ്രേ എന്ന പേരില്‍ നേസല്‍ സ്‌പ്രേ പുറത്തിറക്കിയത്. 

സ്‌പ്രേ നിർമിക്കാനും വിപണനം ചെയ്യാനുമുള്ള അനുമതി നേരത്തേ ഗ്ലെന്‍മാര്‍ക്കിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ നൽകിയിരുന്നു. ശ്വാസനാളിയുടെ മുകള്‍ഭാഗത്തുവച്ചു തന്നെ കൊറോണ വൈറസിനെ നശിപ്പിക്കാന്‍ ഈ നേസല്‍ സ്‌പ്രേയ്ക്ക് സാധിക്കും. ഇതിനാല്‍ വൈറസ് ശ്വാസകോശത്തിലെത്തി പടരുന്നത് തടയാം. 

ഇന്ത്യയിൽ 20 ഇടങ്ങളിലായി 306 രോഗികളില്‍ ഈ നേസല്‍ സ്‌പ്രേയുടെ മൂന്നാം ഘട്ട പരീക്ഷണം നടന്നു. കൊറോണ അണുബാധയുടെ ആദ്യ ഘട്ടത്തില്‍ ഉപയോഗിച്ചാല്‍ വൈറല്‍ ലോഡ് കുറയ്ക്കാനും പെട്ടെന്ന് നെഗറ്റീവ് ആകാനും നേസല്‍ സ്‌പ്രേ സഹായിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ശ്രീകാന്ത് കൃഷ്ണമൂര്‍ത്തി പറഞ്ഞു. 

സ്‌പ്രേ ഉപയോഗിച്ച് വൈറല്‍ ലോഡ് കുറയ്ക്കുന്നത് വൈറസിന്റെ വ്യാപനം കുറയ്ക്കാനും സഹായിക്കും. മെഡിക്കല്‍ ഉപകരണങ്ങളുടെ വിപണനത്തിന് അനുമതി നല്‍കുന്ന സിഇ മാര്‍ക്ക് യൂറോപ്പില്‍ ഈ സ്‌പ്രേയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് ഗ്ലെന്‍മാര്‍ക്ക് അറിയിച്ചു. 

Related Articles