ഒരു ദശാബ്ദത്തിന് ശേഷം വീണ്ടും ലാസാ ഫീവര്‍

  • 15/02/2022



ലണ്ടൻ: ഒരു ദശാബ്ദത്തിന് ശേഷം യുകെയില്‍ വീണ്ടും ലാസാ ഫീവര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പശ്ചിമ ആഫ്രിക്കയില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ മൂന്ന് പേരിലാണ് ലാസാ ഫീവര്‍ സ്ഥിരീകരിച്ചത്. 80 ശതമാനം കേസുകളിലും രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ല എന്നാണ് യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് പ്രിവെന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോളിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എബോളയ്ക്ക് സമാനമായ ഈ രോഗം വൈറസ് അടങ്ങിയ ഭക്ഷണത്തിലൂടെയും മറ്റ് പദാര്‍ഥങ്ങളിലൂടെയുമാണ് പകരുന്നത്. വൈറസ് ബാധിതരായ എലികളുടെ മലമൂത്ര വിസര്‍ജ്ജനത്തിലൂടെയാണ് വൈറസ് ഭക്ഷണപദാര്‍ഥങ്ങളിലേക്ക് എത്തുക. ശരീരത്തിലെ സ്രവങ്ങളിലൂടെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കും ലാസാ ഫീവര്‍ പകരാം.

ലക്ഷണങ്ങള്‍...

1. പനി
2. ക്ഷീണം
3. തലവേദന
4. തൊണ്ടവേദന
5. പേശീവേദന
6. ഛര്‍ദ്ദി
7. അതിസാരം
എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. 

മഹാമാരിയായി തീരാന്‍ സാധ്യതയുള്ള ലാസാ ഫീവര്‍ എബോള, ഡെങ്കു വൈറസുകളെ പോലെ മുന്‍ഗണന നല്‍കേണ്ടവയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. എന്നാല്‍ യുകെയില്‍ ഇത് പടര്‍ന്ന് പിടിക്കാനുള്ള സാധ്യത ആരോഗ്യ അധികൃതര്‍ തള്ളി കളയുന്നു. 

യുകെയില്‍ ലാസാ ഫീവര്‍ കേസുകള്‍ അപൂര്‍വമാണെന്നും ജനങ്ങള്‍ക്കിടയില്‍ അത്ര എളുപ്പം പടരില്ലെന്നും യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ചീഫ് മെഡിക്കല്‍ ഓഫീസര്‍ സൂസന്‍ ഹോപ്കിന്‍സ് പറഞ്ഞു.

Related Articles