കൊറോണ രോഗസങ്കീര്‍ണതയും മരണങ്ങളും വൈറ്റമിന്‍ ഡി അഭാവവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതായി പഠനങ്ങൾ

  • 19/02/2022


ജെറുസലേം: കൊറോണ രോഗസങ്കീര്‍ണതയും മരണങ്ങളും ശരീരത്തിലെ വൈറ്റമിന്‍ ഡി അഭാവവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതായി ഇസ്രയേലില്‍ നടന്ന പഠനത്തില്‍ കണ്ടെത്തി. ഇസ്രയേലിലെ സഫേദിലുളള ബാര്‍-ഇലാന്‍ സര്‍വകലാശാലയിലെ അസ്രീലി ഫാക്കല്‍റ്റി ഓഫ് മെഡിസിനിലെയും നഹാരിയയിലെ ഗലീലി മെഡിക്കല്‍ സെന്‍ററിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. 

2020 ഏപ്രിലിനും 2021 ഫെബ്രുവരിക്കും ഇടയില്‍ കൊറോണ പോസിറ്റീവായി ഗലീലി മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിക്കപ്പെട്ട 1176 രോഗികളുടെ ആരോഗ്യ രേഖകളാണ് ഗവേഷകര്‍ പരിശോധിച്ചത്. അണുബാധയ്ക്ക് രണ്ടാഴ്ച മുതല്‍ രണ്ട് വര്‍ഷം വരെ മുന്‍പുള്ള ഇവരുടെ ശരീരത്തിലെ വൈറ്റമിന്‍ ഡി തോത് ലഭ്യമായിരുന്നു. 

ഇവരില്‍ മില്ലിലീറ്ററില്‍ 20 നാനോഗ്രാമില്‍ താഴെ അളവില്‍ വൈറ്റമിന്‍ ഡി ശരീരത്തിലുള്ളവര്‍ക്ക് 40 നാനോഗ്രാമില്‍ അധികം ഉള്ളവരെ അപേക്ഷിച്ച് കൊറോണ സങ്കീര്‍ണമാകാനുള്ള സാധ്യത 14 മടങ്ങ് അധികമാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. ആവശ്യത്തിന് വൈറ്റമിന്‍ ഡി ശരീരത്തിലുള്ളവരുടെ മരണ നിരക്ക് 2.3 ശതമാനമാണെങ്കില്‍ വൈറ്റമിന്‍ ഡി അഭാവമുള്ളവരില്‍ ഇത് 25.6 ശതമാനമാണെന്നും ഗവേഷണറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ശരീരത്തില്‍ ആവശ്യത്തിന് വൈറ്റമിന്‍ ഡി തോത് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും വൈറസ് പിടിപെടുന്നവര്‍ക്ക് ഇത് ഗുണപ്രദമാകുമെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഗലീലി മെഡിക്കല്‍ സെന്‍ററിലെ ഡോ. അമീല്‍ ഡ്രോര്‍ പറഞ്ഞു. ആഗോള ആരോഗ്യ സംഘടനകളുടെയും പ്രാദേശിക ആരോഗ്യ അധികൃതരുടെയും ഉപദേശപ്രകാരം നിത്യേനയെന്നോണം വൈറ്റമിന്‍ ഡി സപ്ലിമെന്‍റുകള്‍ എടുക്കാവുന്നതാണെന്നും ഡോ. അമീല്‍ കൂട്ടിച്ചേര്‍ത്തു.

കൊറോണയ്ക്കെതിരെ ശരിയായ പ്രതിരോധ പ്രതികരണമുണ്ടാക്കാന്‍ വൈറ്റമിന്‍ ഡി സഹായകമാണെന്ന് ഗവേഷണത്തില്‍ പങ്കെടുത്ത എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. അമീര്‍ ബാഷ്കിനും അഭിപ്രായപ്പെട്ടു. ഒരു രോഗിയുടെ കൊറോണ സങ്കീര്‍ണതയും ആശുപത്രി വാസ, മരണ സാധ്യതയും പ്രവചിച്ച് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനുള്ള ഉപായമായും ശരീരത്തിലെ വൈറ്റമിന്‍ ഡി തോതിനെ എടുക്കാമെന്ന് അസ്രീലി ഫാക്കല്‍റ്റി ഓഫ് മെഡിസിനിലെ പ്രഫ. മിഖായേല്‍ എഡല്‍സ്റ്റീനും കൂട്ടിച്ചേര്‍ത്തു.

Related Articles