ചർമം വരളുന്നു, മുടി കൊഴിയുന്നു; കരിക്കിൻ വെള്ളത്തിൻ്റെ ഗുണങ്ങൾ അറിയാം

  • 27/02/2022


വേനൽ ചൂട് കനത്തതോടെ കരിക്കിന് പ്രിയമേറിയിരിക്കുകയാണ്. പോഷകസമൃദ്ധമായ കരിക്കിൻ വെള്ളം ആശ്വാസവും ഉന്മേഷവും നൽകുന്നു. എന്നാൽ ദാഹം ശമിപ്പിക്കാൻ മാത്രമല്ല വേനലിൽ ചർമത്തിന്റെയും മുടിയുടെയും സംരക്ഷണത്തിനും കൂടെ കൂട്ടാനാവുന്ന പ്രക‍ൃതിയുടെ വരദാനമാണ് കരിക്ക്.

ഒരു മോയിസ്ച്വറൈസറായി പ്രവർത്തിക്കാനുള്ള കഴിവ് കരിക്കിൻ വെള്ളത്തിനുണ്ട്. കരിക്കിൻ വെള്ളത്തിൽ മുഖം കഴുകുന്നത് ചർമത്തിന്റ തിളക്കം വീണ്ടെടുക്കാൻ സഹായിക്കും. മുഖക്കുരു വരുന്നത് തടയാനും ഇത് നല്ലതാണ്.

മഞ്ഞൾ, ചന്ദനം എന്നിവ കരിക്കിൻ വൈള്ളത്തിൽ ചാലിച്ച് മുഖത്തു പുരട്ടാം. ഇവ വരൾച്ച തടഞ്ഞ് ചർമത്തിന്റെ സ്വാഭാവികത നിലനിർത്തുകയും തിളക്കം നൽകുകയും ചെയ്യും. സൂര്യപ്രകാശം മൂലമുണ്ടാകുന്ന കരുവാളിപ്പ് മാറ്റാൻ കരിക്കിൻ വെള്ളത്തിൽ മുൾട്ടാണി മിട്ടി ചാലിച്ച് പുരട്ടാം. മുഖത്തെ കറുത്ത കുത്തുകളും ഇത്തരത്തിൽ ഇല്ലാതാക്കാം.

വേനൽക്കാലത്ത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് പതിവാണ്. ഇത് ചർ‍മത്തിനെ വളരെ ദോഷകരമായി ബാധിക്കും. ഈ സാഹചര്യങ്ങളിൽ കരിക്കിൻ വെള്ളം പാനീയമായി തിരഞ്ഞെടുക്കുക. അതിവേഗം ജലാംശം തിരികെ നൽകാൻ കരിക്കിൻ വെള്ളത്തിന് കഴിയും.

കരിക്കിൻ വെള്ളം ഉപയോഗിച്ച് തല മസാജ് ചെയ്താൽ മുടി മിനുസമുള്ളതും തിളങ്ങുന്നതുമാകും. മുടിയുടെ വേരുകളിൽ മോയിസ്ച്വറൈസ് ചെയ്ത് ശക്തിയേകും. ഒരു നാചുറൽ കണ്ടീഷനറിന്റെ ഗുണങ്ങൾ കരിക്കിൻ വെള്ളത്തിനുണ്ട്. കരിക്കിൻ വെളളത്തിലുള്ള ആന്റി ബാക്ടീരിയൽ - ഫംഗൽ ഗുണങ്ങൾ തലയോട്ടിയെ താരനിൽനിന്നും മറ്റ് അലർജികളിൽനിന്നും അകറ്റി  നിർത്തും.

Related Articles