ഇന്ന് മാര്‍ച്ച്, 8 അന്താരാഷ്ട്ര വനിതാദിനമാണ്. സ്ത്രീകളുടെ ക്ഷേമത്തെ കുറിച്ചും അവരുടെ ഉന്നമനത്തെ കുറിച്ചുമെല്ലാം കാര്യമായ ചര്‍ച്ചകളുയരുന്ന ദിവസമാണ്. ഈ ദിവസത്തില്‍ ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളും ചര്‍ച്ചകളില്‍ ഉള്‍പ്പെടേണ്ടതുണ്ട്. അതിനാല്‍ തന്നെ ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം സ്ത്രീകളെ ബാധിക്കുന്ന ക്യാന്‍സറിനെ കുറിച്ചാണ് പങ്കുവയ്ക്കാനുള്ളത്. പല തരത്തിലുള്ള അര്‍ബുദങ്ങള്‍ സ്ത്രീകളില്‍ കാണാം. പ്രത്യേകിച്ച് പ്രായം കൂടുംതോറുമാണ് അര്‍ബുദത്തിനുള്ള സാധ്യതകള്‍ കൂടിവരുന്നതും. എന്നാല്‍ ഈ ക്യാന്‍സറിന്റെ കാര്യം അങ്ങനെയല്ല. വലിയൊരു വിഭാഗം പേരിലും നാല്‍പത് വയസിന് താഴെയാകുമ്പോള്‍ തന്നെ ബാധിക്കപ്പെടുന്ന അര്‍ബദുമാണിത്. അതിനാല്‍ തന്നെ എല്ലാ വിഭാഗത്തില്‍ പെടുന്ന സ്ത്രീകളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറ്. സ്തനാര്‍ബുദം, അഥവാ 'ബ്രെസ്റ്റ് ക്യാന്‍സര്‍'നെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഏറ്റവുമധികം പേരെ ബാധിക്കുന്ന അര്‍ബദുമെന്നത് മാത്രമല്ല, മരണനിരക്ക് എടുക്കുമ്പോള്‍ അതിലും വലിയ കാരണമാകാറുള്ള ഒന്ന് കൂടിയാണിത്. പലപ്പോഴും വൈകി മാത്രം രോഗം കണ്ടെത്തപ്പെടുന്നതോടെയാണ് രോഗി ആവശ്യത്തിന് ചികിത്സ കിട്ടാതെ, മരണത്തിന് കീഴടങ്ങേണ്ടിവരുന്നത്. നേരത്തേ സൂചിപ്പിച്ചത് പോലെ എല്ലാ പ്രായത്തിലും എല്ലാ ആരോഗ്യാവസ്ഥയിലുമുള്ള സ്ത്രീകള്‍ സ്തനാര്‍ബുദത്തെ ചൊല്ലി ജാഗ്രത പാലിക്കേണ്ടതുണ്ട്. പാരമ്പര്യ ഘടകങ്ങള്‍ ( കുടുംബത്തില്‍ ആര്‍ക്കെങ്കിലും ക്യാന്‍സര്‍ ബാധിച്ച ചരിത്രമുണ്ടെങ്കില്‍) ആണ് പ്രധാനമായും സ്തനാര്‍ബുദത്തിലേക്ക് സ്ത്രീകളെ നയിക്കുന്നതത്രേ. ഇതിന് പുറമെ അമിതവണ്ണം, ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ പതിവായി നേരിടുന്നവര്‍, പുകവലി- മദ്യപാനം എന്നീ ശീലമുള്ളവര്‍, റേഡിയേഷന്‍ എന്നിങ്ങനെ മറ്റ് പല ഘടകങ്ങളും സ്തനാര്‍ബുദത്തിലേക്കുള്ള സാധ്യതകളൊരുക്കാം. എന്തായാലും സ്തനാര്‍ബുദത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പകുതി കേസുകളും വെല്ലുവിളി ഇല്ലാത്തവയായിരിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ കണ്ടെത്തുകയാണെങ്കില്‍ എളുപ്പത്തില്‍ ഭേദപ്പെടുത്താന്‍ കഴിയുന്ന അര്‍ബുദമാണിത്. പല സന്ദര്‍ഭങ്ങളിലും അവസാനഘട്ടങ്ങളില്‍ വരെയെത്തിയ സ്തനാര്‍ബുദവും ചികിത്സയിലൂടെ ഭേദപ്പെടുത്താന്‍ സാധിക്കാറുണ്ട്. നിലവില്‍ വളരെ ഫലപ്രദമായ ചികിത്സാരീതികളും സൗകര്യങ്ങളും രാജ്യത്ത് ലഭ്യമായുണ്ട്. കീമോതെറാപ്പി, ഹോര്‍മോണ്‍ തെറാപ്പി എന്നീ ചികിത്സാരീതികള്‍ക്ക് പുറമെ മോണോക്ലോണല്‍ ആന്റിബോഡീസ്, ആന്റിബോഡി ഡ്രഗ് കോണ്ജുഗേറ്റ്‌സ്, ഇമ്മ്യൂണോതെറാപ്പി തുടങ്ങി പല രീതികളും ചികിത്സയിലുള്‍പ്പെടും. ഇങ്ങനെയെല്ലാം ആണെങ്കിലും രോഗം നേരത്തെ തന്നെ കണ്ടെത്തപ്പെടുന്നതാണ് എപ്പോഴും നല്ലത്. ഇതിന് കൃത്യമായും രോഗലക്ഷണങ്ങളെ കുറിച്ച് ധാരണ ആവശ്യമാണ്.സ്തനങ്ങളില്‍ എവിടെയെങ്കിലുമായി വേദനയില്ലാത്ത മുഴയായാണ് സ്തനാര്‍ബുദം പ്രത്യക്ഷപ്പെടാറ്. ഇത് ചിലപ്പോഴെങ്കിലും കക്ഷത്തോട് ചേര്‍ന്നുമാകാം ഉണ്ടാകുന്നത്. ഇങ്ങനെയുണ്ടാകുന്ന മുഴകള്‍ എല്ലാം ക്യാന്‍സര്‍ ആണെന്ന തെറ്റിദ്ധാരണയും വേണ്ട. സ്തനങ്ങള്‍ക്കും സമീപത്തുമായി ഉണ്ടാകുന്ന മുഴകളില്‍ പത്തില്‍ ഒമ്പതും ക്യാന്‍സറസ് അല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓരോ രോഗിയിലും മുഴയുടെ വലിപ്പത്തിലും, ഘടനയിലുമെല്ലാം വ്യത്യാസങ്ങള്‍ വരാം. സ്തനങ്ങളുടെ ആകൃതിയിലോ വലുപ്പത്തിലോ വരുന്ന വ്യത്യാസം, ചര്‍മ്മത്തിലെ നിറവ്യത്യാസം, മുലക്കണ്ണുകളുടെ ഘടനയിലെ വ്യത്യാസം, മുലക്കണ്ണുകളില്‍ നിന്ന് ദ്രാവകം പുറത്തുവരുന്നത് തുടങ്ങിയവയെല്ലാം സ്തനാര്‍ബുദത്തില്‍ ആദ്യഘട്ടങ്ങളില്‍ കണ്ടേക്കാവുന്ന ലക്ഷണങ്ങളാണ്. ഇത് വ്യാപിക്കുന്ന സമയത്ത് ശരീരവേദന, മഞ്ഞപ്പിത്തം, തലവേദന, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക എന്നീ ലക്ഷണങ്ങളും കണ്ടേക്കാം. ആരോഗ്യകരമായ ഡയറ്റ്, ആരോഗ്യകരമായ ശരീരഭാരം, മദ്യപാനം പോലുള്ള ശീലങ്ങള്‍ ഉപേക്ഷിക്കുന്നത്, റേഡിയേഷനില്‍ നിന്ന് മാറിനില്‍ക്കുന്നത്, മുലയൂട്ടല്‍ എന്നിവയെല്ലാം സ്തനാര്‍ബുദത്തെ ചെറുക്കുന്നതിന് സഹായകമാണ്. അതിനൊപ്പം തന്നെ കൃത്യമായ ഇടവേളകളില്‍ പരിശോധന കൂടി നടത്തുകയാണെങ്കില്‍ ഉചിതം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?