കുട്ടികളിലെ കോവിഡ്: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • 22/04/2022


കൊവിഡ് 19മായുള്ള നിരന്തര പോരാട്ടത്തില്‍ തന്നെയാണ് ( Covid 19 India ) നാമിപ്പോഴും. ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ ( Virus Mutants) പലതും ഇതിനോടകം വന്നു. അതിശക്തമായ തരംഗങ്ങളടക്കം പല കൊവിഡ് തരംഗങ്ങളും എത്തി. വാക്‌സിന്‍ ലഭ്യമായിത്തുടങ്ങിയെങ്കിലും വൈറസ് വകഭേദങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധികള്‍ ചെറുതല്ല. 

രോഗവ്യാപനത്തിന്റെ കാര്യത്തിലും രോഗതീവ്രതയിലുമെല്ലാം ഓരോ വൈറസ് വകഭേദവും വ്യത്യാസങ്ങള്‍ കാണിച്ചു. രോഗലക്ഷണങ്ങളുടെ കാര്യത്തിലും ഇതേ ഏറ്റക്കുറച്ചിലുകള്‍ പ്രകടമായിരുന്നു. 

എന്തായാലും നിലവില്‍ കൊവിഡിനെതിരെ പോരാടിക്കൊണ്ട് തന്നെ സാധാരണജീവിതത്തിലേക്ക് മടങ്ങാനാണ് ഏവരും ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി കൊവിഡ് നിയന്ത്രണങ്ങളില്‍ കാര്യമായ അയവാണ് സര്‍ക്കാരും വരുത്തിയിട്ടുള്ളത്. 

വിവിധ സ്ഥാപനങ്ങളും തൊഴിലിടങ്ങളും സജീവമാകുന്നതിനൊപ്പം സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂടി തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ കുട്ടികളില്‍ കൊവിഡ് ബാധിക്കുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ക്കുണ്ടാകുന്ന ആശങ്ക നിസാരമല്ല. 

എത്രമാത്രം പോരാടിക്കൊണ്ട് മുന്നേറാമെന്ന് തീരുമാനിച്ചാലും കുഞ്ഞുങ്ങളുടെ ആരോഗ്യകാര്യത്തിലേക്ക് വരുമ്പോള്‍ നാം ആശങ്കപ്പെടുക തന്നെ ചെയ്‌തേക്കാം. എന്തായാലും കുട്ടികളുടെ കാര്യത്തില്‍ ഭാരിച്ച രീതിയില്‍ ആകുലത വേണ്ടെന്നാണ് വിദഗ്ധരെല്ലാം തന്നെ ഒറ്റക്കെട്ടായി പറയുന്നത്. കുട്ടികളെ കൊവിഡ് പിടികൂടിയാലും പൊതുവില്‍ അവരില്‍ രോഗം തീവ്രമാകാതെ മടങ്ങുകയാണ് പതിവെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എങ്കില്‍ കരുതലുകള്‍ തുടര്‍ന്നേ മതിയാകൂ. 


കുട്ടികളാകുമ്പോള്‍ അവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചോ, വിഷമമതകളെ കുറിച്ചോ ഫലപ്രദമായ രീതിയില്‍ ആശയവിനിമയം നടത്താന്‍ സാധിച്ചെന്ന് വരില്ല. അതിനാല്‍ തന്നെ മാതാപിതാക്കള്‍ അവരുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയേ മതിയാകൂ. 

കുട്ടികളിലാണെങ്കില്‍ കൊവിഡ് ലക്ഷണങ്ങള്‍ കൂടുതലും കണ്ടുവരുന്നത് മറ്റ് വൈറല്‍ അണുബാധകളിലേതിന് സമാനമാണെന്നും ഇത് വലിയ രീതിയിലാണ് ആശയക്കുഴപ്പമുണ്ടാക്കുന്നതെന്നും ദില്ലിയില്‍ നിന്നുള്ള മുതിര്‍ന്ന ഡോക്ടര്‍ സച്ചിന്‍ കാന്ധാരി പറയുന്നു. 

'പനി, മൂക്കൊലിപ്പ്, ചുമ, ശരീരവേദന, ഛര്‍ദ്ദി, വയറിളക്കം, ചില കുട്ടികളില്‍ വയറുവേദന, എന്നിവയെല്ലാം കൊവിഡ് ലക്ഷണങ്ങളായി വരാം. ഇവയെല്ലാം തന്നെ മറ്റ് വൈറല്‍ അണുബാധകളിലേതിന് സമാനമാണ്. മുതിര്‍ന്നവരിലും അങ്ങനെ തന്നെ. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് കാര്യങ്ങളെ കുറിച്ച് കൂടുതല്‍ അവബോധമുള്ളതിനാല്‍ അവര്‍ രോഗം എളുപ്പത്തില്‍ തിരിച്ചറിഞ്ഞേക്കാം. മിക്ക കുട്ടികളുടെയും കാര്യത്തില്‍ ആശങ്ക വേണ്ട. എന്നാല്‍ നേരത്തേ ചില അസുഖങ്ങള്‍- ആരോഗ്യപ്രശ്‌നങ്ങളെല്ലാം ഉള്ള കുട്ടികളാണെങ്കില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, ശ്വാസകോശരോഗങ്ങള്‍, കരള്‍- വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുള്ള കുട്ടികളുടെ കാര്യത്തില്‍ അധിക ശ്രദ്ധ പുലര്‍ത്തുക...'- ഡോ. സച്ചിന്‍ പറയുന്നു.

Related Articles