കൊവിഡ് നിയന്ത്രണങ്ങളെല്ലാം രാജ്യത്ത് പലയിടങ്ങളിലും പുനസ്ഥാപിച്ചു. മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമല്ലെന്ന് നേരത്തേ വിവിധ സംസ്ഥാനങ്ങള്‍ അറിയിച്ചിരുന്നു. എന്നാലിപ്പോള്‍ വീണ്ടും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുന്നു. നാലാംതരംഗത്തിനുള്ള സാധ്യതകള്‍ നിലനില്‍ക്കെ കേസുകള്‍ വര്‍ധിച്ചുവരുന്നത് വലിയ തോതിലുള്ള ആശങ്കയ്ക്ക് തന്നെയാണ് ഇടയാക്കുന്നത്. ജനിതകവ്യതിയാനങ്ങള്‍ സഭവിച്ച പുതിയ വൈറസ് വകഭേദങ്ങളാണിപ്പോള്‍ രോഗവ്യാപനം നടത്തുന്നത്. ഇവയില്‍ പലതിനും കൊവിഡ് 19ന്റെ പൊതുലക്ഷണങ്ങളില്‍ നിന്ന് നേരിയ വ്യത്യാസങ്ങളുണ്ട്. പനി, ചുമ, തളര്‍ച്ച, ശരീരവേദന, തൊണ്ടവേദന എന്നിവയെല്ലാമാണ് പൊതുവില്‍ കൊവിഡിന്റേതായ ലക്ഷണങ്ങള്‍.ഇതിനൊപ്പം തന്നെ ഗന്ധവും രുചിയും നഷ്ടമാകുന്ന അവസ്ഥ, ഛര്‍ദ്ദി, ദഹനപ്രശ്‌നങ്ങള്‍, തലവേദന എന്നിങ്ങനെ പല ലക്ഷണങ്ങളും വരാറുണ്ട്. ഏറ്റവും ഒടുവിലായി രാജ്യത്തുണ്ടായ കൊവിഡ് തരംഗത്തിന് കാരണമായത് 'ഒമിക്രോണ്‍' വകഭേദമായിരുന്നു. ഇതിന് ശേഷം വന്ന Xe വകഭേദവും ഒമിക്രോണിന്റെ തന്നെ ഉപവകഭേദങ്ങളുടെ പുതിയ രൂപമാണ്. ഒമിക്രോണ്‍ മൂലമുള്ള കൊവിഡ് ബാധയില്‍ തലവേദനയാണ് പ്രധാന ലക്ഷണമായി വന്നിരുന്നത്. ഇപ്പോഴും കൊവിഡ് കേസുകളില്‍ തലവേദന കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. രോഗബാധയുണ്ടായി ആദ്യം പ്രകടമാകുന്ന ലക്ഷണങ്ങളിലൊന്ന് കൂടിയാണ് തലവേദന. അതിനാല്‍ തന്നെ വലിയൊരു പരിധി വരെ രോഗം സംബന്ധിച്ച സൂചന ആദ്യം നല്‍കുന്നതും രോഗനിര്‍ണയം നടത്താന്‍ ആദ്യം സഹായിക്കുന്നതും ആയ ലക്ഷണം തലവേദനയാണ്. മാനസിക സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന തലവേദനയോടും മൈഗ്രേയ്‌നോടും കാര്യമായ സാമ്യമുള്ള തലവേദനയാണ് കൊവിഡിലും കാണപ്പെടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. അങ്ങനെയെങ്കില്‍ കൊവിഡ് തലവേദന തിരിച്ചറിയാന്‍ സാധിക്കുമോ? ഇത് അത്ര എളുപ്പമല്ലെന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. പല രോഗികളിലും പല തോതിലാണേ്രത കൊവിഡ് തലവേദന കാണുന്നത്. നെറ്റിയിലാകെ പടരുന്നതും, കണ്ണിന് ചുറ്റുമുള്ളതും, തലയുടെ പുറകുവശത്ത് വരെ എത്തുന്നതും, കുത്തിക്കയറുന്നതുമായ വേദന കൊവിഡ് തലവേദനയില്‍ കാണുന്നു. ഇവയെല്ലാം തന്നെ 'ടെന്‍ഷന്‍' മൂലമുള്ള തലവേദനയുടെയും മൈഗ്രേയ്‌നിന്റെയും ഘടനയില്‍ ഉള്‍പ്പെടുന്നതാണ്. തലയ്ക്ക് സമ്മര്‍ദ്ദം അനുഭവപ്പെടുക, അസാധാരണമാം വിധം മിടിപ്പ് ഉയരുക എന്നിവയും കൊവിഡ് തലവേദനയില്‍ കാണാം. അധികവും മൈഗ്രേയ്‌നുമായാണ് കൊവിഡ് തലവേദനയ്ക്ക് കൂടുതല്‍ സാമ്യമെന്ന് പഠനങ്ങള്‍ പറയുന്നു. കൊവിഡ് ഭേദമായ ശേഷവും ആഴ്ചകളോളം ചിലരില്‍ കൊവിഡ് തലവേദന നീണ്ടുനില്‍ക്കുന്നതായും പഠനങ്ങള്‍ പറയുന്നു. സാധാരണഗതിയില്‍ ഏഴ് ദിവസമാണ് കൊവിഡ് തലവേദന നീണ്ടുനില്‍ക്കുക. ചിലരില്‍ ഇത് മുപ്പത് ദിവസം വരെയും ചിലരില്‍ മൂന്ന് മാസം വരെയും നീണ്ടുനില്‍ക്കാമത്രേ. മറ്റ് കൊവിഡ് ലക്ഷണങ്ങള്‍ കൂടി നിരീക്ഷിച്ച ശേഷം മാത്രമേ തലവേദന കൊവിഡ് അനുബന്ധമായതാണോ അല്ലയോ എന്നത് നിര്‍ണയിക്കാനാകൂ. മിക്ക സാഹചര്യത്തിലും ഇത് പ്രത്യേകമായി വേര്‍തിരിച്ചറിയുക സാധ്യമല്ല എന്ന് തന്നെ പറയാം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?