കടുത്ത കോവിഡ് ബാധ മൂലം ധാരണാശേഷിക്കുറവ്: ഒരാള്‍ക്ക് 20 വര്‍ഷത്തെ വാര്‍ധക്യം ഒരുമിച്ച് സംഭവിക്കുന്നതിന് തുല്ല്യം

  • 07/05/2022



കടുത്ത കോവിഡ് ബാധ മൂലം തലച്ചോറിനുണ്ടാകുന്ന ധാരണാശേഷിക്കുറവ് ഒരാള്‍ക്ക് 20 വര്‍ഷത്തെ വാര്‍ധക്യം ഒരുമിച്ച് സംഭവിക്കുന്നതിന് തുല്യമാണെന്ന് പുതിയ പഠനം. ഒരാളുടെ ബുദ്ധിയെ അളക്കുന്ന ഇന്‍റലിജന്‍സ് കോഷ്യന്‍റ് അഥവാ ഐക്യു 10 പോയിന്‍റ് കുറയുന്നതിന് സമാനമായ ഫലവും ഇത് ഉളവാക്കുമെന്ന് കേംബ്രിജ് സര്‍വകലാശാലയിലെയും ലണ്ടന്‍ ഇംപീരിയല്‍ കോളജിലെയും ഗവേഷകര്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടി. 

തീവ്രമായ കോവിഡ് ബാധയ്ക്ക് ആറ് മാസത്തിന് ശേഷവും ഇത്തരം പ്രഭാവം ദൃശ്യമാകാമെന്നും രോഗമുക്തി വളരെ പതിയെ മാത്രമേ സംഭവിക്കൂ എന്നും ഗവേഷകര്‍ പറയുന്നു. ദീര്‍ഘനാളത്തേക്ക് മാനസിക പ്രശ്നങ്ങളും ധാരണശേഷി പ്രശ്നങ്ങളുമുണ്ടാക്കാന്‍ കോവിഡിന് സാധിക്കുമെന്ന മുന്‍ പഠനങ്ങളെ ശരി വയ്ക്കുന്നതാണ് പുതിയ കണ്ടെത്തലുകള്‍. 

ക്ഷീണം, തലച്ചോറിന് ആശയക്കുഴപ്പവും മറവിയും ഉണ്ടാക്കുന്ന ബ്രെയിന്‍ ഫോഗ്, ഉറക്ക പ്രശ്നങ്ങള്‍, ഉത്കണ്ഠ, പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ്സ് ഡിസോര്‍ഡര്‍ എന്നിവയെല്ലാം കോവിഡ് രോഗമുക്തരില്‍ പലരിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ പഠനത്തിനായി ആശുപത്രി വാര്‍ഡിലോ ഐസിയുവിലോ കോവിഡ് മൂലം പ്രവേശിപ്പിക്കപ്പെട്ട 46 രോഗികളെയാണ് നിരീക്ഷിച്ചത്. ഇവരില്‍ 16 പേരെങ്കിലും രോഗ കാലയളവില്‍ മെക്കാനിക്കല്‍ വെന്‍റിലേഷന്‍ ഉപയോഗിച്ചിരുന്നു. ഈ 46 രോഗികളെ തുടര്‍ന്നുള്ള ആറ് മാസത്തേക്ക് ധാരണശേഷി അളക്കുന്ന പലതരം പരിശോധനകള്‍ക്ക് വിധേയരാക്കി. ഓര്‍മശക്തി, ശ്രദ്ധ, കാര്യകാരണങ്ങള്‍ ബോധ്യപ്പെടാനുള്ള കഴിവ് എന്നിവയെല്ലാം ഇതിലൂടെ അളന്നു. ഇവരിലെ ഉത്കണ്ഠയും വിഷാദവും സമ്മര്‍ദവുമെല്ലാം പഠന വിധേയമാക്കി.

ഇതിന്റെ  ഫലങ്ങളെ രോഗബാധിതരല്ലാത്ത 66,008 പേരുടെ ഡേറ്റയുമായി താരതമ്യപ്പെടുത്തിയപ്പോള്‍ രോഗികളുടെ പ്രതികരണങ്ങള്‍ക്ക് വേഗം കുറവാണെന്നും അവയ്ക്ക് കൃത്യതയില്ലെന്നും ഗവേഷകര്‍ നിരീക്ഷിച്ചു. മെക്കാനിക്കല്‍ വെന്‍റിലേഷന്‍ ആവശ്യമായി വന്നവരില്‍ ഇത് കൂടുതല്‍ പ്രകടമായിരുന്നു. 

മറവി രോഗം, വാര്‍ധക്യം തുടങ്ങി നാഡീവ്യവസ്ഥയെ ബാധിക്കുന്ന പല ഘടകങ്ങള്‍ കൊണ്ടും ധാരണാശേഷി പ്രശ്നങ്ങള്‍ വരാമെങ്കിലും കോവിഡ് മൂലമുള്ള ധാരണശേഷിക്കുറവിന്‍റെ പാറ്റേണ്‍ വ്യത്യസ്തമാണെന്നും കൃത്യമായി തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ കേംബ്രിജ് സര്‍വകലാശാല പ്രഫസര്‍ ഡേവിഡ് മേനോന്‍ പറഞ്ഞു. ചില രോഗികളെ 10 മാസം വരെയൊക്കെ നിരീക്ഷിച്ചതില്‍ നിന്ന് മനസ്സിലാക്കാനായത് ചില വ്യക്തികള്‍ കോവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് ഒരിക്കലും രോഗമുക്തരായേക്കില്ല എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles