കോവിഡ് അണുബാധ പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

  • 23/05/2022



കോവിഡ്-19 അണുബാധ പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് എലികളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. തോമസ് ജെഫേഴ്സണ്‍ സര്‍വകലാശാലയിലെയും ന്യൂയോര്‍ക്ക് സര്‍കലാശാലയിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. 

കോവിഡ് മഹാമാരിയെ തുടര്‍ന്ന് നാഡീവ്യൂഹസംബന്ധമായ രോഗങ്ങളില്‍ വര്‍ധനയുണ്ടാകാനുള്ള സാധ്യതയെ കുറിച്ച് പല ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നല്‍കിയിരുന്നു. 1918ലെ സ്പാനിഷ് ഫ്ളൂവിന്  അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ക്കിന്‍സണ്‍സ് രോഗികളുടെ എണ്ണം മൂന്ന് മടങ്ങായി വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കോവിഡ്-19 മാത്രമല്ല ജാപ്പനീസ് എന്‍സെഫലൈറ്റിസ് മുതല്‍ എച്ച്ഐവി വരെ പല അണുബാധകളും പാര്‍ക്കിന്‍സണ്‍സ് അപകട സാധ്യത വര്‍ധിപ്പിക്കുന്നതാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. 

വൈറസ് നേരിട്ട് നാഡീകോശങ്ങളെ ആക്രമിക്കുന്നതല്ല ഇതിന് കാരണമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ റിച്ചാര്‍ഡ് സ്മെയ്ന്‍ പറയുന്നു. എന്നാല്‍ കോവിഡ് അണുബാധയ്ക്ക് ശേഷം പാര്‍ക്കിന്‍സണ്‍സിന് കാരണമാകാവുന്ന ഒന്നിലധികം  ട്രിഗറുകള്‍ ശരീരത്തില്‍ ഉത്തേജിപ്പിക്കപ്പെടാം. നാഡീകോശങ്ങളെ നശിപ്പിച്ച് സ്ഥിരമായ പാര്‍ക്കിന്‍സണ്‍സ് ലക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന രാസസംയുക്തമായ എംപിടിപി ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്. 

ഗവേഷണത്തിനായി മനുഷ്യരിലെ റിസപ്റ്റര്‍ കോശങ്ങളുള്ള എലികളെ ശാസ്ത്രജ്ഞര്‍ ലാബില്‍ തയാറാക്കി. ഈ എലികളില്‍ സാര്‍സ് കോവ്-2 വൈറസ്  കുത്തിവച്ചു. വൈറല്‍ അണുബാധയില്‍ നിന്ന് മുക്തരായ ശേഷം ഈ എലികള്‍ക്ക് എംപിടിപി ഡോസ് നല്‍കി. കോവിഡ് ബാധിച്ച എലികളില്‍ എംപിടിപി കുത്തിവച്ച ശേഷം പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്‍റേതിന് സമാനമായ നാഡീകോശ നാശം ഗവേഷകര്‍ നിരീക്ഷിച്ചു. 

കോവിഡ് ബാധിതരായ മനുഷ്യരുടെ തലച്ചോറില്‍ കൊറോണ വൈറസിന്‍റെ ചെറിയ സാന്നിധ്യം കണ്ടെത്തിയിരുന്നതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇതാണോ ബ്രെയ്ന്‍ ഫോഗും ധാരണശേഷിക്കുറവും അടക്കമുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള കാരണമെന്ന് വ്യക്തമല്ല. എലികളില്‍ നടത്തിയ പ്ലീക്ലിനിക്കല്‍ പരീക്ഷണഫലം മനുഷ്യരുടെ കാര്യത്തിലും സമാനമായിരിക്കുമോ എന്നറിയാന്‍ കൂടുതല്‍ പഠനം ആവശ്യമാണെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. 

Related Articles