നോറോ വൈറസ്: ആശങ്ക വേണ്ട, കരുതൽ മതി

  • 06/06/2022


പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും വേഗത്തിൽ ഭേദമാകുന്നതാണു നോറോ വൈറസ് ബാധ.

പകരുന്നത് എങ്ങനെ 

മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണു വൈറസ് രോഗം പകരുന്നത്. രോഗബാധയുള്ളവരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗിയെ പരിചരിക്കുന്നതിലൂടെയും രോഗം പടരും. രോഗബാധിതനായ ആളിന്റെ വിസർജ്യം വഴിയും ഛർദി വഴിയും വളരെവേഗം രോഗം പകരുന്നതിനാൽ ഏറെ ശ്രദ്ധിക്കണം. 

രോഗ ലക്ഷണങ്ങൾ 

വയറിളക്കം, വയറുവേദന, ഛർദി, മനം മറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണു രോഗ ലക്ഷണങ്ങൾ. ഛർദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം സംഭവിച്ചു ഗുരുതരമാകും എന്നതാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം. 

രോഗം ബാധിച്ചാൽ 

രോഗബാധിതർ ഡോക്ടറുടെ നിർദേശാനുസരണം വീട്ടിൽ വിശ്രമിക്കണം. ഒആർഎസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കണം. ആവശ്യമെങ്കിൽ ചികിത്സ ലഭ്യമാക്കണം. രോഗം പടരാൻ സാധ്യതയുള്ളതിനാൽ മൂന്ന് ദിവസം വരെ ശ്രദ്ധിക്കേണ്ടതാണ്. 

എന്താണ് നോറോ വൈറസ് 

ഉദരരോഗങ്ങൾ ഉണ്ടാക്കുന്ന വൈറസ് ആണ് നോറോ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദി, വയറിളക്കം എന്നിവയ്ക്കും ഇതു കാരണമാകുന്നു. ആരോഗ്യമുള്ളവരെ കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമായേക്കാം. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

∙പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പ്രധാനം. ആഹാരത്തിനു മുൻപും ശുചിമുറിയിൽ പോയ ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. മൃഗങ്ങളുമായി ഇടപഴകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. 

∙കുടിവെള്ള സ്രോതസ്സുകൾ, കിണർ, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. 

പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. കടൽ മത്സ്യങ്ങളും ഞണ്ട്, കക്ക തുടങ്ങിയവയും പാകം ചെയ്തു മാത്രം കഴിക്കുക. പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണ പദാർഥങ്ങൾ ഉപയോഗിക്കരുത്.

Related Articles