ശരീരത്തിലെ ഓരോ അവയവത്തിനും അതിന്റേതായ ധര്‍മ്മമുണ്ടെന്ന് നമുക്കറിയാം. ഓരോ അവയവവും ചെയ്യുന്ന ധര്‍മ്മങ്ങള്‍ വ്യത്യസ്തവും മറ്റൊന്നിന് പകരമായി ചെയ്യാന്‍ സാധിക്കാത്തതുമാണെന്നും നമുക്കറിയാം. എന്നാല്‍ ചില അവയവങ്ങള്‍ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് അല്‍പം കൂടി പ്രാധാന്യം നല്‍കേണ്ടി വരാം. ഹൃദയം, തലച്ചോര്‍, കരള്‍, വൃക്കകള്‍ എന്നിങ്ങനെയുള്ള അവയവങ്ങളെല്ലാം തന്നെ അത്തരത്തില്‍ നമ്മള്‍ കുറെക്കൂടി ശ്രദ്ധയോടെ സൂക്ഷിക്കേണ്ടുന്ന അവയവങ്ങളാണ്. ഇതില്‍ ഹൃദയത്തിനും തലച്ചോറിനുമുള്ള സ്ഥാനം എത്ര മുകളിലാണെന്നതും നമുക്കറിയാം. ജീവിതരീതികളിലുള്ള പല വിധത്തിലുള്ള പാളിച്ചകള്‍ നമ്മുടെ കരള്‍, വൃക്കകള്‍ പോലുള്ള പ്രധാനപ്പെട്ട അവയവങ്ങളെയെല്ലാം ബാധിക്കാറുണ്ട്. ജീവിതരീതികള്‍ കാരണമാകാതെയും നമുക്ക് ഇത്തരം രോഗങ്ങളെല്ലാം വരാം. ഈ സാധ്യതയെ മാറ്റിനിര്‍ത്തിയാല്‍ എത്തരത്തിലെല്ലാം നമുക്ക് രോഗങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ സാധിക്കും! ഈ രീതിയിൽ വൃക്കകളെ സംരക്ഷിച്ചുനിര്‍ത്താന്‍ സഹായകമായ ലൈഫ്‌സ്റ്റൈല്‍ ടിപ്‌സ് ആണിനി പങ്കുവയ്ക്കുന്നത്. ഒന്ന്...ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തുക. ദിവസം മുഴുവൻ വെള്ളം കുടിക്കുക. ചൂടുള്ള കാലാവസ്ഥയിലും നന്നായി ശാരീരികാധ്വാനം വരുന്ന സന്ദര്‍ഭങ്ങളിലുമെല്ലാം ആവശ്യത്തിന് വെള്ളം ഉറപ്പാക്കുക.രണ്ട്...ആരോഗ്യകരമായ ഡയറ്റ് നിര്‍ബന്ധം. ശരീരത്തിന് അവശ്യം വേണ്ടുന്ന വൈറ്റമിനുകള്‍- ധാതുക്കള്‍ എന്നിവയെല്ലാം ഭക്ഷണത്തിലൂടെ ലഭിക്കണം. പച്ചക്കറികളും പഴങ്ങളും ഡയറ്റിലുള്‍പ്പെടുത്തുക. ഉപ്പിന്റെ ഉപയോഗം കുറയ്ക്കണം. കൊഴുപ്പ് കാര്യമായി അടങ്ങിയ ഭക്ഷണവും കുറയ്ക്കുക. മൂന്ന്...രക്തസമ്മര്‍ദ്ദം അഥവാ, ബിപി എപ്പോഴും 'നോര്‍മല്‍' ആണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക. ബിപി ഉയരുന്നത് ഹൃദയത്തിനും വൃക്കകള്‍ക്കുമെല്ലാം ഒരുപോലെ അപകടമാണ്. ബിപി ഉള്ളവരാണെങ്കില്‍ അതിന് കൃത്യമായ ചികിത്സയും തേടണം.നാല്...പുകവലിക്കുന്ന ശീലമുണ്ടെങ്കില്‍ അത് ഉപേക്ഷിക്കുക. പുകവലിക്കുന്നവരില്‍ രക്തക്കുഴലുകള്‍ നേരിയതായി വരികയും ഇതിന്‍റെ ഫലമായി രക്തയോട്ടം കുറയുകയും ചെയ്യാം. ഇത് വൃക്കകളിലേക്ക് രക്തമെത്തിക്കുന്നതും കുറയ്ക്കുന്നു. അഞ്ച്...പ്രോട്ടീന്‍ അളവ് കൂട്ടാൻ സപ്ലിമെന്റുകളെടുക്കുന്നവരുണ്ട്. പ്രത്യേകിച്ച് ബോഡി ബില്‍ഡിംഗിലും മറ്റും താല്‍പര്യമുള്ളവരാണിത് ചെയ്യുന്നത്. പക്ഷേ പ്രോട്ടീന്‍ ലഭിക്കാനുള്ള സപ്ലിമെന്റുകള്‍ കഴിക്കുന്നത് വൃക്കകള്‍ക്ക് അത്ര നല്ലതല്ലെന്ന് മനസിലാക്കുക. വൃക്കകള്‍ക്ക് ഇത് അമിതഭാരം നല്‍കിയേക്കാം. ഇനി, സപ്ലിമെന്റുകള്‍ കഴിക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ അത് ഡോക്ടറുടെ നിര്‍ദേശപ്രകാരം ആകാം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?