ചർമ്മത്തിൽ ഉണ്ടാകുന്ന അണുബാധയും ചൊറിച്ചിലും: വസ്ത്രങ്ങൾക്കും പങ്കുണ്ട്

  • 16/07/2022




ചര്‍മ്മവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പേര്‍ക്കുള്ളൊരു പരാതി ഇടയ്ക്ക് വരുന്ന അണുബാധയോ ചൊറിച്ചിലോ ആണ്. ഡെര്‍മറ്റൈറ്റിസ് എന്നാണിതിനെ പൊതുവേ നമ്മള്‍ വിശേഷിപ്പിക്കുന്നത്. ചര്‍മ്മത്തെ സാധാരണഗതിയില്‍ ബാധിക്കുന്ന അണുബാധകളെയെല്ലാം ഇങ്ങനെ വിളിക്കാം. 

എന്തുകൊണ്ടാണ് ഡെര്‍മറ്റൈറ്റിസ് പിടിപെടുന്നത്? ഇതിന് പിന്നില്‍ ഒന്നോ രണ്ടോ കാരണങ്ങള്‍ മാത്രമല്ല ഉള്ളത്. പല ഘടകങ്ങളും ഇതിലേക്ക് നയിക്കാം. കാലാവസ്ഥ, മലിനീകരണം, ശുചിത്വമില്ലായ്മ, സൗന്ദര്യവര്‍ധക വസ്തുക്കളുടെ പാര്‍ശ്വഫലം, മരുന്നുകളുടെ പാര്‍ശ്വഫലം എന്നിങ്ങനെ പല കാരണങ്ങള്‍ ഡെര്‍മറ്റൈറ്റിസിലേക്ക് നയിക്കാം. എന്താണ് ഇത് ഒഴിവാക്കാനുള്ള പോംവഴി? അവയറിയാം അതിന് മുമ്പേ ഡെര്‍മറ്റൈറ്റിസ് എങ്ങനെ തിരിച്ചറിയാമെന്ന് കൂടി മനസിലാക്കൂ. 

ഡെര്‍മറ്റൈറ്റിസ് ലക്ഷണങ്ങള്‍...

ചര്‍മ്മത്തില്‍ നിറവ്യത്യാസം കാണുക. പ്രധാനമായും ചുവപ്പ് നിറമാണ് കാണുക. അതുപോലെ ചൊറിച്ചില്‍ ചെറിയ കുരു പോലെ പൊങ്ങുക- ഇവയെല്ലാം അണുബാധയുടെ ലക്ഷണങ്ങളാണ്. ചെറിയ ചാരനിറത്തിലോ ചുവപ്പ് നിറത്തിലോ കൈകളിലോ കാല്‍പാദങ്ങളിലോ കഴുത്തിലോ നെഞ്ചിലോ മുട്ടിന്‍റെ മടക്കിലോ കൈമുട്ടിലോ എല്ലാം കുത്തുകളോ കുരുക്കളോ വരുന്നതും അണുബാധ തന്നെ. ചര്‍മ്മം കട്ടി പിടിച്ചിരിക്കുക, വിണ്ടുപോവുകയെല്ലാം അണുബാധയുടെ ലക്ഷണങ്ങളാകാറുണ്ട്. 


ഡെര്‍മറ്റൈറ്റിസ് ഒഴിവാക്കാം...

ഡെര്‍മറ്റൈറ്റിസ് ഒഴിവാക്കാൻ ആദ്യം ശ്രദ്ധിക്കേണ്ടത് വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമാണ്. ഇക്കാര്യങ്ങളില്‍ പിഴവ് സംഭവിക്കാതെ തന്നെ അണുബാധകളുണ്ടാകുന്നുവെങ്കില്‍ അടുത്തതായി ശ്രദ്ധിക്കാനുള്ളത് ശരീരത്തിലെ ജലാംശത്തിന്‍റെ അളവാണ്. ധാരാളം വെള്ളം കുടിക്കുന്നതിന് പുറമെ, ചര്‍മ്മം പുറമെക്ക് മോയിസ്ചറൈസ് ചെയ്യുകയും വേണം. 

ചര്‍മ്മം ഡ്രൈ ആയിട്ടുള്ളവരാണെങ്കില്‍ അവര്‍ സോപ്പുപയോഗം വളരെയധികം പരിമിതപ്പെടുത്തണം. പകരം വീര്യം കുറഞ്ഞ ക്ലെന്‍സറുകള്‍ ഉപയോഗിക്കാം. 

ഇനി നമ്മള്‍ പതിവായി ധരിക്കുന്ന വസ്ത്രത്തിനും ചര്‍മ്മത്തിലെ അണുബാധകളില്‍ ( Skin Infection ) പങ്കുണ്ട്. കൃത്യമായ വസ്ത്രമല്ല തെരഞ്ഞെടുക്കുന്നതെങ്കില്‍ അത് ചര്‍മ്മത്തിന് ബുദ്ധിമുട്ടുണ്ടാക്കും. പ്രധാനമായും കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രം തന്നെ ധരിക്കാൻ ശ്രമിക്കുക. 

പ്രത്യേകിച്ച് ചൂടുകാലങ്ങളില്‍ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ തന്നെ കഴിവതും ധരിക്കുക. പൊതുവേ വിയര്‍പ്പ് കൂടുതലുള്ളവരാണെങ്കില്‍ കോട്ടണ്‍ ധരിക്കുന്നത് തന്നെയാണ് നല്ലത്. ഇത് വിയര്‍പ്പ് പിടിച്ചെടുക്കുമെന്നതിനാല്‍ ചര്‍മ്മത്തില്‍ വിയര്‍പ്പിരുന്ന് അണുബാധയുണ്ടാകില്ല. 

Related Articles