സ്ത്രീകളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ പൊട്ടാസ്യം സമ്പുഷ്ട ഭക്ഷണക്രമം ശീലമാക്കാം

  • 24/07/2022



പൊട്ടാസ്യം സമ്പുഷ്ടമായ ഭക്ഷണക്രമം പിന്തുടരുന്നത് സ്ത്രീകളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാട്ടി. പൊട്ടാസ്യം ഉയര്‍ന്ന തോതില്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ തോതില്‍ പൊട്ടാസ്യം കഴിക്കുന്നവരെ അപേക്ഷിച്ച് ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത 13 ശതമാനം കുറവാണെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. 

പൊട്ടാസ്യം സമ്പുഷ്ട ഭക്ഷണം 25,000ത്തോളം പേരുടെ രക്തസമ്മര്‍ദത്തില്‍ ഉണ്ടാക്കുന്ന സ്വാധീനമാണ് ഗവേഷകര്‍ വിലയിരുത്തിയത്. ഇവരില്‍ 11,267 പേര്‍ പുരുഷന്മാരും 13,696 പേര്‍ സ്ത്രീകളുമായിരുന്നു. 40 മുതല്‍ 79 വയസ്സ് വരെയായിരുന്നു ഇവരുടെ പ്രായം. 

ഉയര്‍ന്ന തോതിലുളള ഉപ്പ് കഴിച്ചിരുന്ന സ്ത്രീകളില്‍ പൊട്ടാസ്യം തോത് വര്‍ധിപ്പിച്ചതോടെ രക്തസമ്മര്‍ദം താഴാന്‍ തുടങ്ങിയതായി ഗവേഷകര്‍ നിരീക്ഷിച്ചു. ഭക്ഷണത്തില്‍ പൊട്ടാസ്യത്തിന്‍റെ തോത് പ്രതിദിനം ഓരോ ഗ്രാം  വര്‍ധിപ്പിക്കുന്നതിലൂടെ രക്തസമ്മര്‍ദം 2.4 mmHg വച്ച് കുറയുന്നതായി ഇവര്‍ കണ്ടെത്തി. 

അതേ സമയം പുരുഷന്മാരില്‍ പൊട്ടാസ്യം തോതും രക്തസമ്മര്‍ദവുമായി എന്തെങ്കിലും ബന്ധം കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ ദീര്‍ഘകാലത്തേക്ക് പൊട്ടാസ്യം ഉപയോഗം വര്‍ധിപ്പിച്ചാല്‍ പുരുഷന്മാരിലും ഏഴ് ശതമാനം കുറവ് ഹൃദ്രോഗസാധ്യതയില്‍ ഉണ്ടാകുമെന്ന് ഗവേഷകര്‍ പറയുന്നു. ഉപ്പിന്‍റെ ഉപയോഗത്തില്‍ മാറ്റമുണ്ടാക്കാതെ തന്നെ പൊട്ടാസ്യം തോത് കൊണ്ടുമാത്രം ഹൃദ്രോഗസാധ്യതയില്‍ മാറ്റമുണ്ടായതായും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. 

ഉരുളക്കിഴങ്ങ്, ബീന്‍സ്, തക്കാളി, യോഗര്‍ട്ട്, പഴം, ചീര, മറ്റ് പച്ചിലകള്‍ എന്നിവ പൊട്ടാസ്യം സമ്പന്നമായ ഭക്ഷണ വിഭവങ്ങളാണ്. ഭക്ഷണത്തില്‍ നിന്ന് പൊട്ടാസ്യം ശരീരത്തിലെത്തിക്കുന്നതാണ് സപ്ലിമെന്‍റുകളെ ആശ്രയിക്കുന്നതിലും നല്ലതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പൊട്ടാസ്യം സപ്ലിമെന്‍റുകളുടെ ഉപയോഗം വൃക്കയുടെ പ്രവര്‍ത്തനം കുറഞ്ഞവരില്‍ കാര്‍ഡിയാക് അരിത് മിയ പോലുള്ള പ്രശ്നങ്ങളുണ്ടാക്കാമെന്നതാണ് ഇതിന് കാരണം.

Related Articles