ഇടയ്ക്കിടെ ഉണ്ടാകുന്ന ഇടയ്ക്കിടെ വയറുവേദന നിസ്സാരമായി കാണരുത്...

  • 05/08/2022





നിത്യജീവിതത്തില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമ്മെ അലട്ടിയേക്കാം. ഇവയില്‍ പലതും നമ്മള്‍ കാര്യമായി പരിഗണിക്കാതെയും വരാം. എന്നാല്‍ ഇത്തരത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ സമയത്തിന് പരിഗണിക്കാതിരിക്കുന്നത് പിന്നീട് സങ്കീര്‍ണതകളിലേക്ക് നയിക്കാം. 

ഇങ്ങനെ മിക്കവരും നിസാരമായി കണക്കാക്കുന്നൊരു ആരോഗ്യപ്രശ്നമാണ് വയറുവേദന. എപ്പോള്‍ വയറുവേദന അനുഭവപ്പെട്ടാലും അത് ഗ്യാസിന്‍റെ ബുദ്ധിമുട്ടാണെന്നാണ് അധികപേരും പറയാറ്. എന്നാല്‍ വയറുവേദന എല്ലാം തന്നെ ഗ്യാസിന്‍റെ പ്രശ്നം മൂലമുണ്ടാകുന്നത് ആയിരിക്കില്ല. കൃത്യമായ പരിശോധനയോ ചികിത്സയോ ആവശ്യമായിട്ടുള്ള സന്ദര്‍ഭങ്ങളുമുണ്ടാകാം. 

അത്തരത്തില്‍ ശ്രദ്ധിക്കേണ്ട ചില സന്ദര്‍ഭങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

വയറ്റിലെ പേശികളില്‍ സമ്മര്‍ദ്ദമോ പരുക്കോ സംഭവിക്കുന്നത് മൂലം വയറുവേദനയുണ്ടാകാം. ഇത് നിസാരമായി തള്ളിക്കളയാതെ ചികിത്സ തേടേണ്ടതാണ്. എന്തെങ്കിലും വലിക്കുക, തള്ളുക, കുനിഞ്ഞെടുക്കുക, അതുപോലെ ജിം വര്‍ക്കൗട്ട് എന്നിങ്ങനെ പല സന്ദര്‍ഭങ്ങളിലും വയറിലെ പേശികളില്‍ സമ്മര്‍ദ്ദമോ പരുക്കോ സംഭവിക്കാവുന്നതാണ്.

രണ്ട്...

ചിലര്‍ക്ക് ചില തരം ഭക്ഷണം യോജിക്കില്ല. പാലോ, പാലുത്പന്നങ്ങളോ പിടിക്കാത്തവരെ കണ്ടിട്ടില്ലേ? അതുപോലെ... അങ്ങനെയുള്ള സന്ദര്‍ഭങ്ങളിലും വയറുവേദനയുണ്ടാകാം. ഈ വേദനയ്ക്കൊപ്പം തന്നെ വയര്‍ വീര്‍ത്തുകെട്ടുക, വയറിളക്കം, കീഴ്വായു, ചര്‍മ്മത്തില്‍ അലര്‍ജിയെ സൂചിപ്പിക്കുന്ന പാടുകള്‍ എന്നിവയെല്ലാം കാണാം. അലര്‍ജിയുള്ള ഭക്ഷണങ്ങള്‍ എപ്പോഴും ഒഴിവാക്കുന്നത് തന്നെയാണ് ഉചിതം. ഭക്ഷണം കഴിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് ഇത്തരത്തില്‍ വയറുവേദനയോ മറ്റ് ലക്ഷണങ്ങളോ അനുഭവപ്പെടുക. 

മൂന്ന്...

നേരത്തേ പറഞ്ഞതുപോലെ ഭക്ഷണം മൂലമുളള അലര്‍ജിയില്‍ പെടുന്നതാണ് ഗ്ലൂട്ടൻ എന്ന പ്രോട്ടീനിനോടുള്ള അലര്‍ജി. ഗോതമ്പ്, ബാര്‍ലി തുടങ്ങി പല ധാന്യങ്ങളിലും ഇത് അടങ്ങിയിട്ടുണ്ട്. ഗ്ലൂട്ടൻ അലര്‍ജിയുള്ളവരിലും അതടങ്ങിയ ഭക്ഷണം കഴിക്കുന്നത് മൂലം വയറുവേദനയുണ്ടാകാം. 

നാല്...

മൂത്രാശയ അണുബാധയുടെ ഭാഗമായും വയറുവേദന അനുഭവപ്പെടാം. ഇത് സാമാന്യം തീവ്രതയുള്ള വേദനയായതിനാല്‍ തന്നെ മിക്കവരും വൈകാതെ തന്നെ ചികിത്സ തേടും. എങ്കിലും ഇതില്‍പോലും പരിശോധനയോ ചികിത്സയോ തേടാതെ പോകുന്നവരുമുണ്ട്. ഇവരില്‍ അണുബാധ കൂടുതല്‍ രൂക്ഷമാവുകയും അത് വലിയ തോതില്‍ ബാധിക്കപ്പെടുകയും ചെയ്യുന്ന സന്ദര്‍ഭമുണ്ടാകാം. മൂത്രാശയ അണുബാധ മൂലമുള്ള വയറുവേദനയാണെങ്കില്‍ മൂത്രമൊഴിക്കുമ്പോഴും വേദനയുണ്ടാകാം. 

Related Articles