ഇന്ത്യയിലെ ആകെ അര്‍ബുദ രോഗികളില്‍ 5.9 ശതമാനവും ശ്വാസകോശവുമായി ബന്ധപ്പെട്ട അര്‍ബുദമുള്ളവരാണെന്ന് കണക്കാക്കുന്നു. ആകെ അര്‍ബുദ മരണങ്ങളില്‍ 8.1 ശതമാനവും ശ്വാസകോശ അര്‍ബുദം മൂലമാണ്. ഇന്ത്യന്‍ പുരുഷന്മാരില്‍ ഏറ്റവുമധികം കാണപ്പെടുന്ന അര്‍ബുദവും ശ്വാസകോശ അര്‍ബുദമാണെന്ന് പോപ്പുലേഷന്‍ ബേസ്ഡ് കാന്‍സര്‍ റജിസ്ട്രീസ് ചൂണ്ടിക്കാട്ടുന്നു. പുകവലിയും പുകയില ഉപയോഗവുമാണ് ഇതിന് പിന്നിലെ മുഖ്യകാരണങ്ങളായി കരുതുന്നത്. എന്നാല്‍ അടുത്ത കാലത്തായി ഇന്ത്യയില്‍ പുകവലിക്കാത്തവരിലും ശ്വാസകോശാര്‍ബുദ കേസുകള്‍ ഉയരുകയാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പുകവലിക്കാരുമായുള്ള സഹവാസത്തിന്‍റെ ഭാഗമായ സെക്കന്‍ഡ് ഹാന്‍ഡ് ടുബാക്കോ സ്മോക്ക്, വായു മലിനീകരണം, റാഡണ്‍ ഗ്യാസ് ശ്വസിക്കുന്നത്, ചില ജനിതക കാരണങ്ങള്‍ എന്നിവയാകാം ഇതിനു പിന്നിലെ കാരണങ്ങളെന്ന് കോയമ്പത്തൂര്‍ അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് ഡോ. ടി. സുജിത് ദഹെല്‍ത്ത്സൈറ്റ്.കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. വൈറ്റമിന്‍ ബി6, ബി12 എന്നിവയുടെ അമിത തോതും പുരുഷന്മാരിലെ ശ്വാകോശ അര്‍ബുദ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ വൈറ്റമിന്‍ ബി12 ന്‍റെ അമിത തോത് അര്‍ബുദം ഉണ്ടാക്കുന്നതിനോ, അര്‍ബുദ രോഗികളില്‍ വൈറ്റമിന്‍ ബി12 തോത് ഉയരുന്നതിനോ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പ്രമേഹം, വൃക്കരോഗം, കരള്‍ രോഗം, മറ്റ് ചില ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ എന്നിവ മൂലവും വൈറ്റമിന്‍ ബി12 തോത് ഉയരാറുണ്ട്. ഏത് തരം വൈറ്റമിന്‍ സപ്ലിമെന്‍റുകളുടെയും അമിത ഉപയോഗം ഹാനികരമാണെന്ന് ഡോക്ടര്‍മാരും പറയുന്നു. പുകവലിക്കാത്തവരില്‍ മാത്രമല്ല ഇന്ത്യയിലെ സ്ത്രീകളിലും ശ്വാസകോശ അര്‍ബുദ കേസുകളില്‍ വര്‍ധന കാണപ്പെടുന്നുണ്ടെന്ന് മറ്റു ചില പഠനങ്ങളും മുന്നറിയിപ്പ് നല്‍കുന്നു. പലപ്പോഴും ശ്വാസകോശാര്‍ബുദങ്ങള്‍ വളരെ വൈകിയ വേളയിലാണ് ഇന്ത്യയില്‍ നിര്‍ണയിക്കപ്പെടാറുള്ളത്. ശ്വാസകോശാര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ ക്ഷയം പോലുള്ള മറ്റ് രോഗങ്ങളുടെ ലക്ഷണങ്ങളായി തെറ്റിദ്ധരിക്കുന്നതാണ് ഇതിനു കാരണം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?