തലമുടി കൊഴിച്ചിലും താരനും തടയാൻ ചില ഹെയര്‍ പാക്കുകളെ പരിചയപ്പെടാം

  • 29/08/2022



കരുത്തുറ്റതും നീളവുമുള്ള തലമുടി ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ തലമുടി കൊഴിച്ചിലും താരനുമാണ് ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍. സ്ത്രീകളെയും പുരുഷന്മാരെയും ഇത് വളരെ ഭീകരമായി തന്നെ ബാധിക്കുന്നു. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. 

ഹെയർ മാസ്കുകള്‍ തലമുടി സംരക്ഷണത്തിന് സഹായകമാണ്. അത്തരത്തില്‍ തലമുടി വളരാന്‍ സഹായിക്കുന്ന ചില ഹെയര്‍ പാക്കുകളെ പരിചയപ്പെടാം. 

ഒന്ന്...

ഒരു പാത്രത്തില്‍ ഒരു മുട്ടയും മൂന്ന് ടീസ്പൂണ്‍ ഒലീവ് ഓയിലും എടുത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ തല കഴുകണം. മുടിയുടെ സംരക്ഷണത്തിന് ഉത്തമമായ മാർഗമാണിത്. തലമുടി കൊഴിച്ചില്‍ തടയാനും മുടിക്ക് തിളക്കവും കരുത്തും ലഭിക്കാനും ഇത് സഹായിക്കും.

രണ്ട്...

കറ്റാര്‍വാഴയുടെ ജെല്ലിലേയ്ക്ക് നെല്ലിക്ക ചേര്‍ത്ത് നല്ലതുപോലെ അരയ്ക്കുക. ശേഷം ഇതിലേയ്ക്ക് മുട്ട ചേര്‍ത്തിളക്കാം. ഇനി ഈ മിശ്രിതം തലമുടിയുടെ വേരുകള്‍ മുതല്‍ അറ്റം വരെ പുരട്ടാം. 45 മിനിറ്റിന് ശേഷം കഴുകാം. തലമുടി കൊഴിച്ചില്‍ മാറുമെന്നു മാത്രമല്ല, നല്ല ആരോഗ്യമുള്ള മുടി ലഭിക്കാനും ഈ പാക്ക് സാഹിയിക്കും.


മൂന്ന്...

രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ അത്രയും അളവിൽ തന്നെ ചെറുനാരങ്ങാ നീര് ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം ശിരോചർമ്മത്തിൽ പുരട്ടി, 20 മിനിറ്റിനുശേഷം ഷാംപൂ ഉപയോഗിച്ചു കഴുകി കളയാം. പതിവായി ഇത് ചെയ്യുന്നത് താരനും തലമുടി കൊഴിച്ചിലും അകറ്റാന്‍ സഹായിക്കും. 

നാല്...

മുടികൊഴിച്ചിലിന്റെ ഒരു പ്രധാന കാരണക്കാരൻ ശിരോചർമത്തിലെ താരനാണ്. ഇതിനായി രണ്ട് നെല്ലിക്ക കുരുകളഞ്ഞ് അരച്ചെടുക്കുക. ഇതിൽ അൽപം തൈരു ചേർത്ത് തലയോട്ടിയിൽ പുരട്ടുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. താരനകറ്റാനും മുടികൊഴിച്ചില്‍ അകറ്റാനും ഈ ഹെയർപാക്ക് സഹായിക്കും. 

അഞ്ച്...

ആദ്യം ഉലുവ കുതിര്‍ക്കാന്‍ ഇടുക. ശേഷം ഇത് അരച്ചു പേസ്റ്റാക്കണം. ഇനി ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. പതിവായി ഇത് ചെയ്യുന്നത് തലമുടി കൊഴിച്ചില്‍ തടയാനും തിളക്കമുള്ള മുടി വളരാനും സഹായിക്കും. 

കുതിര്‍ത്ത ഉലുവയും കറിവേപ്പിലയും ചേര്‍ത്തരച്ച് മുടിയില്‍ പുരട്ടുന്നതും നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് തലമുടി വളരാൻ സഹായിക്കുമെന്നു മാത്രമല്ല, അകാലനരയെ പ്രതിരോധിക്കാനും സഹായിക്കും. 

Related Articles