ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെയും പഴങ്ങളെയും പരിചയപ്പെടാം

  • 02/09/2022



ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വർധിച്ചുവരുകയാണ്. അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ജീവിതശൈലിയില്‍ ഉണ്ടായ മാറ്റമാണ് ഇതിന്‍റെ പ്രധാന കാരണം.

ഹൃദയത്തിന്‍റെ നല്ല ആരോഗ്യത്തിന് ഭക്ഷണക്രമത്തിലും പ്രത്യേകം ശ്രദ്ധ വേണം. ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെയും പഴങ്ങളെയും പരിചയപ്പെടാം...

ഒന്ന്...

കാബേജ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള പച്ചക്കറികളിലൊന്നാണ് കാബേജ്. . വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാത്സ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവയും കാബേജില്‍ അടങ്ങിയിരിക്കുന്നു. ഇവ കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും അതുവഴി ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. 

രണ്ട്...

ആപ്പിൾ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്നു പറയുന്നത് വെറുതേയല്ല. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് ആപ്പിള്‍. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ കാക്കുന്ന വിറ്റാമിൻ എ, ഇ, ബി1, ബി2 , കെ എന്നിവ ആപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒപ്പം മറ്റ് മിനറൽസും ഇവയില്‍ അടങ്ങിയിരിക്കുന്നു. 

മൂന്ന്...

ബ്രൊക്കോളി ആണ് മൂന്നമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വേണ്ട മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും, ഒമേഗ-3 ഫാറ്റി ആസിഡുകളും ഫൈബറുമെല്ലാം ബ്രൊക്കോളിയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

നാല്...

തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ രക്തത്തെ ശുദ്ധീകരിക്കുന്നതിനൊപ്പം ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. അതിനാല്‍ പതിവായി തക്കാളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

അഞ്ച്...

ഓറഞ്ചാണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിട്രസ് വിഭാഗത്തിലുള്ള ഫലമാണ് ഓറഞ്ച്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും സ്രോതസാണ്. അതിനാല്‍ ഇവ ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ഉത്തമമാണ്.

ആറ്...

സ്ട്രോബെറിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹൃദയത്തിന്‍റെ ആകൃതിയിലുളള സ്ട്രോബെറിക്ക് ഹൃദയത്തെ സംരക്ഷിക്കാനും കഴിയും. കൊളസ്ട്രോളില്‍ നിന്നും രക്ഷ നേടാനും ആന്‍റിഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റു ധാതുക്കളും ധാരാളം അടങ്ങിയ സ്ട്രോബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

Related Articles