മുടി കൊഴിച്ചിലുണ്ടെങ്കിൽ ഷാമ്പൂ മാറ്റി ഉപയോഗിക്കണോ?

  • 09/09/2022



മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പേർ പരാതിപ്പെടുന്നൊരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. എന്തെല്ലാം ചെയ്തിട്ടും മുടി കൊഴിച്ചിലിന് പരിഹാരമാകുന്നില്ലെന്ന് നിരാശപ്പെടുന്നവരും ഏറെയാണ്. മുടി കൊഴിച്ചിലിന് പിന്നിൽ ഒരുപാട് കാരണങ്ങൾ വരാം. 

കാലാവസ്ഥ മുതൽ- സ്ട്രെസ്, ഹോർമോൺ വ്യതിയാനം എന്നിങ്ങനെ പല കാരണങ്ങൾ. ഈ കാരണം ഏതാണെന്ന് കണ്ടെത്തി, അതിനാണ് ചികിത്സ തേടേണ്ടത്. എന്തായാലും മുടി കൊഴിച്ചിൽ നിയന്ത്രിക്കാൻ ചില കാര്യങ്ങൾ നാം അല്ലാതെയും ചെയ്യാറുണ്ട്. എണ്ണ മാറ്റിനോക്കുക, ഷാമ്പൂ മാറ്റിനോക്കുക അങ്ങനെ പലതും. 

എന്നാൽ ഷാമ്പൂ ഇങ്ങനെ മാറ്റി ഉപയോഗിക്കുന്നത് വഴി മുടി കൊഴിച്ചിൽ തടയാൻ സാധിക്കുമോ? എന്താണ് ഇതിന്‍റെ യാഥാർത്ഥ്യം? 

മുടിയിൽ ഷാമ്പൂ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പല തെറ്റിദ്ധാരണകളും ആളുകളിൽ കാണാറുണ്ട്. അത്തരത്തിലുള്ള നാല് തെറ്റായ ധാരണകളെ കുറിച്ച് പങ്കുവയ്ക്കാം. ഇക്കൂട്ടത്തിൽ ഷാമ്പൂ മാറ്റി ഉപയോഗിക്കുന്നത് മൂലം മുടി കൊഴിച്ചിൽ തടയാൻ സാധിക്കുമോയെന്ന ചോദ്യത്തിനുള്ള ഉത്തരവും മനസിലാക്കാം...

ഒന്ന്...

മുടിയിൽ ഷാമ്പൂ ചെയ്യുന്നത് തന്നെ മുടി കൊഴിച്ചിലിന് ഇടയാക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാൽ ഇതൊരു തെറ്റായ ധാരണയാണ്. ഇനി, ആഴ്ചയിലൊരിക്കൽ മാത്രമെ ഷാമ്പൂ ഉപയോഗിക്കാവൂ എന്ന് പലരും പറഞ്ഞുകേൾക്കാറുണ്ട്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഷാമ്പൂ ഉപയോഗിച്ചാൽ മുടി കൊഴിച്ചിലുണ്ടാകുമോ? സത്യത്തിൽ ഇല്ല എന്നാണ് മറുപടി. ദിവസവും അഴുക്കും വിയർപ്പും തലയിൽ അടിയുന്ന ചുറ്റുപാടിൽ ജീവിക്കുന്നവരാണെങ്കിൽ അവർക്ക് ദിവസവും തന്നെ ഷാമ്പൂ ഉപയോഗിക്കാം. മറിച്ച് അഴുക്കും വിയർപ്പും വച്ച് തല വൃത്തിയാക്കാതിരിക്കുന്നതാണ് മുടിയെ നശിപ്പിക്കുക. 

രണ്ട്...

ഷാമ്പൂ മാറ്റി ഉപയോഗിച്ചുനോക്കുന്നത് കൊണ്ട് മുടി കൊഴിച്ചിൽ തടയാൻ സാധിക്കുമെന്ന് ചിന്തിക്കുന്നവരുണ്ട്. ഇത് തെറ്റായ ധാരണയാണ്. ഷാമ്പൂ മാറി മാറി ഉപയോഗിക്കേണ്ടതുണ്ട്. അത് കാലാവസ്ഥ മാറുന്നതിന് അനുസരിച്ചും, സ്കാൽപ് ഡ്രൈ ആകുന്നതും എണ്ണമയം ഏറുന്നതും എല്ലാം അനുസരിച്ചാണ് ചെയ്യേണ്ടത്. അല്ലാതെ മുടി കൊഴിച്ചിൽ തടയാൻ ഷാമ്പൂ മാറി ഉപയോഗിക്കുന്നത് കൊണ്ട് കാര്യമില്ല. അതിന് മുടി കൊഴിയുന്നതിന്‍റെ യഥാർത്ഥ കാരണം കണ്ടെത്തി അത് പരിഹരിക്കുക തന്നെ വേണം. 

മൂന്ന്...

സൾഫേറ്റ് അടങ്ങിയ ഷാമ്പൂ മുടിക്ക് കേടാണെന്ന് പലരും പറയാറുണ്ട്. സൾഫേറ്റ് സ്കാൽപിൽ നിന്ന് അഴുക്കും വിയർപ്പുമെല്ലാം കളയാൻ സഹായിക്കുന്ന ക്ലീനിംഗ് ഏജന്‍റാണ്. അതിനാൽ ഇത് മോശമാണെന്ന് പറയാൻ സാധിക്കില്ല. ഓരോരുത്തരും അവരവരുടെ മുടിയുടെ ടൈപ്പ് അനുസരിച്ച് ഷാമ്പൂ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. ഇതിന് ഡെർമറ്റോളജിസ്റ്റിന്‍റെ നിർദേശം തേടുന്നതാണ് നല്ലത്.

നാല്...

ഷാമ്പൂ ചെയ്യുമ്പോൾ മുടിയിലാണോ ചെയ്യേണ്ടത് സ്കാൽപിലാണോ ചെയ്യേണ്ടത് എന്ന് ഇന്നും അറിയാത്തവരുണ്ട്. ഷാമ്പൂ മുടിയിലാണ് ഇടേണ്ടത് എന്ന് പറയുന്നവർ ധാരാളമാണ്. ഇത് തെറ്റായ വിവരമാണ്. ഷാമ്പൂ സ്കാൽപിലാണ് ചെയ്യേണ്ടത്. സ്കാൽപിൽ നിന്ന് അഴുക്ക് കളയുന്നതിനാണ് ഇതുപയോഗിക്കുന്നത് തന്നെ. 

Related Articles