ഹൃദയത്തിന്റെ ആരോഗ്യത്തെ കൂടുതൽ ഗൗരവത്തോടെ ആളുകൾ കണ്ടുതുടങ്ങി എന്നതാണ് കൊവിഡ് കാലത്തുണ്ടായ വലിയ മാറ്റങ്ങളിലൊന്ന്. കൊവിഡ് വന്നുപോയ ശേഷം നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം എങ്ങനെ വീണ്ടെടുക്കാം എന്ന് എല്ലാവരും ചിന്തിച്ചു തുടങ്ങി. കൊവിഡ് പിടിപെടുമ്പോഴും അതിൽ നിന്ന് മുക്തി നേടിയ ശേഷവും നമ്മുടെ ഹൃദയത്തിലും ഹൃദയധമനികളിലും ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.ലോകമെമ്പാടും നിരവധിയാളുകളുടെ ജീവിതത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയാണ് കൊവിഡ് പടരുന്നത്. മാനസികമായും ശാരീരികമായും അത് എല്ലാവരെയും പിടിച്ചുലച്ചു. നമ്മുടെ ഹൃദയത്തെയും രക്തചംക്രമണ സംവിധാനത്തെയും കൂടി കോവിഡ് ബാധിക്കുന്നുണ്ട്. അത് കാരണം ഹൃദ്രോഗികളുടെ എണ്ണവും ഹൃദ്രോഗം മൂലം മരണമടയുന്നവരുടെ എണ്ണവും കുതിച്ചുയർന്നു. കൊവിഡ് ഭേദമായി ആഴ്ചകൾ കഴിഞ്ഞാലും അതിനോടനുബന്ധിച്ചുള്ള ആരോഗ്യപ്രശ്നങ്ങൾ പലരെയും പിന്തുടരുന്നു. ദീർഘകാല കൊവിഡ് (ലോങ്ങ് കൊവിഡ്) എന്നും പോസ്റ്റ് കൊവിഡ് സിൻഡ്രോം എന്നും ഇതറിയപ്പെടുന്നു.നമ്മളെല്ലാവരും ഇപ്പോൾ നമ്മുടെ ഹൃദയത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്. പക്ഷെ കൊവിഡ് അവശേഷിപ്പിക്കുന്ന പ്രശ്നങ്ങളെ അതിജീവിക്കാൻ ശാരീരികമായും വൈകാരികമായും ചില മുന്നൊരുക്കങ്ങൾ ആവശ്യമാണ്.● കൊവിഡ് വന്നുപോയ ശേഷം ഹാർട്ട് ചെക്കപ്പ് നടത്തണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്?കൊവിഡ് എല്ലാവരിലും ലക്ഷണങ്ങൾ കാണിക്കണമെന്നില്ല. പക്ഷെ ലക്ഷണങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും കൊവിഡ് പിടിപെട്ടവരിൽ അവരുടെ ഹൃദയത്തിന്റെയും രക്തചംക്രമണ സംവിധാനത്തിന്റെയും ആരോഗ്യത്തെ അത് ബാധിച്ചേക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നവരിൽ 20 മുതൽ 30 ശതമാനം ആളുകളിലും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അമേരിക്കയിലെ ഡോ. സിയാദ് അൽ അലി നടത്തിയ വെറ്ററൻസ് അഫയേഴ്‌സ് പഠനത്തിൽ ലക്ഷണങ്ങളോടെ കൊവിഡ് ബാധിച്ചവരിൽ രക്തധമനികളിൽ ബ്ലോക്ക് ഉണ്ടാകാനും ശ്വാസകോശത്തിൽ നീരുകെട്ടാനുമുള്ള സാധ്യത ഇരുപത് മടങ്ങ് അധികമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ചെറിയ ലക്ഷണങ്ങളോടെ വീടുകളിൽ ക്വാറന്റീനിൽ കഴിഞ്ഞവരിൽ പോലും ഹാർട്ട് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യത എട്ട് ശതമാനവും സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത രണ്ട് ശതമാനവും കൂടുതലാണ്. ഒന്നരലക്ഷത്തിലധികം രോഗികളിൽ നടത്തിയ ഈ പഠനം സാംക്രമികരോഗങ്ങളുടെ വിഷയത്തിൽ ലോകത്ത് നടത്തിയിട്ടുള്ള ഏറ്റവും വലിയ പഠനമാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?