നല്ല ആരോഗ്യമുള്ള ജീവിതത്തിനായി പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പ്രധാനമായും ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവുക. ഒപ്പം വ്യായാമം ചെയ്യുക, പുകവലി ഒഴിവാക്കുക, മദ്യപാനം കുറയ്ക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ആരോഗ്യവും രോഗപ്രതിരോധ ശേഷിയും നിലനിര്‍ത്താന്‍ എന്തൊക്കെ കഴിക്കണമെന്ന് നാം കൃത്യമായി അറിഞ്ഞിരിക്കണം. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... ഒന്ന്...ബദാം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് ബദാം. വിറ്റാമിന്‍ ഇ, ഫൈബര്‍, പ്രോട്ടീന്‍, മഗ്നീഷ്യം, കാത്സ്യം, അയണ്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ ബദാം നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് മികച്ചതാണ്. ഇതിലെ വിറ്റാമിന്‍ ഇ-ക്ക് ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഉണ്ട്. ഇത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ഹൃദയാഘാതസാധ്യത കുറയ്ക്കാനും ബദാമിന് കഴിയുമെന്ന് ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നുണ്ട്. കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും ഇവ സഹായിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം തലച്ചോറിന്റെ ആരോഗ്യത്തിനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. രണ്ട്...നമ്മുടെയൊക്കെ വീടുകളില്‍ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് മഞ്ഞള്‍. ഔഷധ ഗുണങ്ങള്‍ ധാരാളം ഉള്ള മഞ്ഞള്‍ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും പല രോഗങ്ങളില്‍ നിന്നും തടയുന്നതിനും സഹായിക്കുന്നു. കാത്സ്യം, ഫൈബര്‍, സിങ്ക് തുടങ്ങിയവ അടങ്ങിയ മഞ്ഞള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണമെന്ന് വിദഗ്ധരും പറയുന്നു. മൂന്ന്...ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇഞ്ചി ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്താം. ഇഞ്ചി ചായ കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. നാല്...വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്ട്‌സില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. തണുപ്പുകാലത്ത് കഴിക്കാന്‍ പറ്റിയ വിറ്റാമിന്‍ സി അടങ്ങിയ ഒരു ഭക്ഷണമാണ് ഓറഞ്ച്. കൂടാതെ മുന്തിരി, നാരങ്ങ, കിവി എന്നിവയും കഴിക്കുന്നത് നല്ലതാണ്. അഞ്ച്...തൈര് ആണ് ഈ പട്ടികയിലെ അഞ്ചാമന്‍. പ്രോട്ടീന്‍, കാത്സ്യം, ലാക്ടിക് ആസിഡ്, സിങ്ക്, വിറ്റാമിനുകളായ ഡി, ബി-2, ബി-12, ബി-5 എന്നിവ അടങ്ങിയിരിക്കുന്ന തൈര് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ദഹനത്തിനും സഹായിക്കുന്ന തൈര് എല്ലുകളുടെ ആരോഗ്യത്തിനും ഏറേ നല്ലതാണ്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇവ സഹായിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?