കണ്ണുകളുടെ ആരോഗ്യം നശിക്കാൻ കാരണമാകുന്ന ചില ശീലങ്ങള്‍ എന്തൊക്കെ?

  • 10/10/2022



പഞ്ചേന്ദ്രിയങ്ങളില്‍ വച്ച്‌ ഏറ്റവും മനോഹരമായ അവയവമാണ്‌ കണ്ണുകള്‍. കണ്ണില്ലെങ്കിലേ കണ്ണിന്‍റെ വില അറിയൂ എന്നാണ് ചൊല്ല്. കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. 

എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും കണ്ണിന്‍റെ ആരോഗ്യം മോശമാവുകയും കാഴ്ചാതകരാറുകള്‍ സംഭവിക്കാറുമുണ്ട്. കാഴ്ചയെ പ്രതികൂലമായി ബാധിക്കുന്ന ചില ശീലങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കുകയാണ് എന്‍ഡിടിവി. അവ എന്തൊക്കെ ആണെന്ന് നോക്കാം. 

ഒന്ന്...

അമിതമായ സ്ക്രീന്‍ ഉപയോഗം കണ്ണുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. സ്മാര്‍ട്ട് ഫോണുകളുടെയും മറ്റ് ഇലക്ടോണിക് ഉപകരണങ്ങളുടെയും അമിത ഉപയോഗം കണ്ണുകള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കും. അതിനാല്‍ ഇവയുടെ അമിത ഉപയോഗം കുറയ്ക്കുക. 

രണ്ട്... 

പുകവലിയാണ് അടുത്ത വില്ലന്‍. പുകവലിയും പുകയില ഉത്പന്നങ്ങളുടെ അമിത ഉപയോഗവും കണ്ണുകളിലെ പേശികള്‍ നശിക്കാന്‍ കാരണമായേക്കാം. അതിനാല്‍ പുകവലി ഒഴിവാക്കുക. 

മൂന്ന്...

ഡോക്ടറുടെ നിര്‍ദ്ദേശം ഒന്നും കൂടാതെ അമിതമായി ഐ ഡ്രോപ്സുകള്‍ ഒഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. കണ്ണ് ഒന്ന് ചുവന്നാല്‍ ഉടന്‍ ഐ ഡ്രോപ്സ് എടുത്ത് ഒഴിക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. ഇത് ഒഴിവാക്കുക. 

നാല്...

പുറത്തിറങ്ങുമ്പോള്‍ സണ്‍ഗ്ലാസുകള്‍ ധരിക്കാതിരിക്കുന്നത് അപകടകരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ കണ്ണില്‍ പതിക്കാനും, അത് പതിയെ കണ്ണുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാനും കാരണമാകും. 

അഞ്ച്... 

പോഷകങ്ങളുടെ കുറവ് മൂലവും കാഴ്ച ശക്തി കുറയാം. വിറ്റാമിന്‍ എ, സി, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

ആറ്... 

വെള്ളം കുടിക്കാതിരുന്നാലും അത് കണ്ണുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ധാരാളം വെള്ളം കുടിക്കാം. 

Related Articles