ഇന്ന് ഒക്ടോബര്‍ 18- ലോക ആര്‍ത്തവവിരാമ ദിനം. പ്രായപൂര്‍ത്തിയാകുന്നത് മുതല്‍ പല നിര്‍ണ്ണായകമായ മാറ്റങ്ങളിലൂടെയും ആണ് ഒരു സ്ത്രീയുടെ ശരീരം കടന്നുപോകുന്നത്. ആര്‍ത്തവം, ലൈംഗിക ജീവിതം, പ്രസവം തുടങ്ങി പല ഘട്ടങ്ങളിലും നിരവധി മാറ്റങ്ങളാണ് സ്ത്രീ ശരീരത്തിനുണ്ടാകുന്നത്. അതില്‍ ശാരീരികമായും മാനസികമായും നിരവധി മാറ്റങ്ങള്‍ ഉണ്ടാകുന്ന ഒരവസ്ഥയാണ് ആര്‍ത്തവ വിരാമം. ഹോര്‍മോണ്‍ വ്യതിയാനമാണ് ഇതില്‍ പ്രധാനം. ഈസ്‌ട്രൊജെന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം കുറഞ്ഞുവരുന്നതു മൂലം പല ശാരീരിക- മാനസിക ബുദ്ധിമുട്ടുകളും പല സ്ത്രീകളിലും ഉണ്ടാകാം. ശരീരത്തില്‍ കൂടുതല്‍ ക്ഷീണം അനുഭവപ്പെടാന്‍ തുടങ്ങാം. ചിലരില്‍ മൂഡ് സ്വിംഗ്‌സ് ഉണ്ടാകാം. എല്ലാവരിലും ഇത് ഉണ്ടാകണമെന്നില്ല. ആര്‍ത്തവ വിരാമത്തെ പറ്റി വേണ്ടത്ര അവബോധമില്ലാത്തതാണ് പലരിലും കാണുന്ന ഒരു പ്രശ്നം. അണ്ഡാശയങ്ങളുടെ പ്രവര്‍ത്തന ശേഷി കുറയുകയും ഹോര്‍മോണ്‍ ഉല്‍പാദനത്തില്‍ മാറ്റം വരുന്നതുമാണ് ആര്‍ത്തവ വിരമാത്തിന്‍റെ കാരണം. ആര്‍ത്തവ ചക്രത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ തന്നെയാണ് ആര്‍ത്തവ വിരാമത്തിന്റെ പ്രധാന ലക്ഷണം. പുറത്തുപോകുന്ന രക്തത്തിന്റെ അളവില്‍ ഗണ്യമായ മാറ്റം ഉണ്ടാകാം. ഒന്നുകില്‍ നല്ല തോതില്‍ കുറയാം. അല്ലെങ്കില്‍ കൂടാം. ചില മാസങ്ങളില്‍ ആര്‍ത്തവം വരാതെയുമിരിക്കാം. കൃത്യതയില്ലാതെ, തീയ്യതികള്‍ നിരന്തരം തെറ്റി ആര്‍ത്തവം വരുന്നതും ഇതിന്റെ സൂചനയാകാം. ചിലര്‍ക്ക് പൊടുന്നനേ നില്‍ക്കുകയും ചെയ്യുന്നു. സാധാരാണയായി സ്ത്രീകളില്‍ 40-50നും ഇടയിലാണ് ആര്‍ത്തവ വിരാമം സംഭവിക്കുന്നത്. എന്നാല്‍ ചിലരില്‍ ഇത് നേരത്തെ ആകാറുമുണ്ട്. ജീവിത ശൈലിയില്‍ ഉണ്ടായ മാറ്റം തന്നെയാണ് ഇതിന് പ്രധാന കാരണം. നേരത്തെയുള്ള ആര്‍ത്തവ വിരമാത്തെ കുറിച്ച് വിവരിക്കുകയാണ് ഇവിടെ ന്യൂട്രീഷ്യനിസ്റ്റായ സിംറുന്‍ ചോപ്ര. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയിലൂടെ ആണ് അവര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.സ്ഥിരതയില്ലാത്ത ആര്‍ത്തവം, ശരീരത്തില്‍ അമിതമായി ചൂട് അനുഭവപ്പെടുക, രാത്രിയില്‍ പതിവില്ലാത്ത വിധം വിയര്‍ക്കുക, അമിത ഉത്കണ്ഠ, ഉറക്കമില്ലായ്മ, ഓര്‍മ്മ കുറവ്, ഒന്നിലും ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥ തുടങ്ങിയവയാണ് നേരത്തെയുള്ള ആര്‍ത്തവ വിരമാത്തെ കുറിച്ച് ഇവര്‍ പറയുന്ന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഉള്ളതുകൊണ്ട് നിങ്ങള്‍ക്ക് ആര്‍ത്തവ വിരാമം ആണെന്ന് സ്വയം തീരുമാനിക്കേണ്ട. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കാണുന്നതാണ് നല്ലതാണെന്നും സിംറുന്‍ ചോപ്ര പറയുന്നു. ഒപ്പം ഹോര്‍മോണ്‍ മാറ്റത്തെ നിയന്ത്രണത്തിലാക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചും അവര്‍ പോസ്റ്റില്‍ പറയുന്നു. പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ്, കാത്സ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്നാണ് അവര്‍ പറയുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?