ഈ അഞ്ച് തെറ്റുകള്‍ നിങ്ങളുടെ തലമുടിയെ നശിപ്പിക്കും!

  • 21/10/2022



തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചിലും താരനും ഉണ്ടാകാം. അതുകൊണ്ടുതന്നെ ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പല വഴികളും പരീക്ഷിക്കുന്നവരുണ്ട്.

ഇത്തരത്തില്‍ തലമുടിയിൽ പരീക്ഷണം നടത്തുമ്പോള്‍, നിങ്ങള്‍ ചെയ്യുന്ന ചില തെറ്റുകള്‍ നിങ്ങളുടെ തലമുടിയെ നശിപ്പിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്... 

കുളി കഴിഞ്ഞ് വന്നയുടന്‍ തലമുടി ചീവുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ ഇത് തലമുടിക്ക് നല്ലതല്ല എന്നുമാത്രമല്ല, പതിവായി നനഞ്ഞ മുടി ചീവുന്നത് തലമുടി നന്നായി കൊഴിയാന്‍ കാരണമാകാം. അതുപോലെ തന്നെ, ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് മുടി ഉണക്കുന്ന ശീലവും നന്നല്ല. 

രണ്ട്..

കൃത്യമായ ഇടവേളയില്‍ തലമുടി വെട്ടാനും മറക്കരുത്. മൂന്നുമാസം കൂടുമ്പോൾ മുടി വെട്ടുന്നത് ശീലമാക്കണം. ഇത് മുടിയുടെ അറ്റം വിണ്ടുകീറുന്നതു തടയുകയും ഇതുവഴി മുടി വളരാനും സഹായിക്കും. 

മൂന്ന്...

ദിവസവും ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്ന ശീലവും അവസാനിപ്പിക്കുക. ഷാംപൂവിന്‍റെ അമിത ഉപയോഗം തലമുടിക്ക് ദോഷം ചെയ്യും. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം ഷാംപൂ ഉപയോഗിക്കാം. ഷാംപൂ ചെയ്തു കഴിഞ്ഞാൽ കണ്ടീഷണർ ഉപയോഗിക്കാനും മറക്കരുത്. തലമുടിയുടെ സ്വാഭാവം അനുസരിച്ചുള്ള ഷാംപൂവും കണ്ടീഷനറും തെരഞ്ഞെടുക്കാനും മറക്കരുത്. കളറിംഗ് ചെയ്ത തലമുടിക്കായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കളര്‍ പ്രൊട്ടക്ഷന്‍ ഉള്ള ഷാംമ്പൂവും കണ്ടീഷണറും മാത്രം ഉപയോഗിക്കുക.

നാല്...

തലമുടിയില്‍ എന്ത് പുതിയ ഉത്പന്നങ്ങൾ പരീക്ഷിക്കും മുൻപും കർശനമായും അലർജി ടെസ്റ്റ് നടത്തണം. അലർജിയുണ്ടാക്കുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കാതിരിക്കുക എന്നതാണ് ചർമ്മത്തെയും മുടിയെയും സംരക്ഷിക്കാന്‍ ചെയ്യേണ്ട പ്രധാന കാര്യം.

അഞ്ച്...

മുടിയിൽ എണ്ണ പുരട്ടുന്നത് വളരെ നല്ല കാര്യമാണ്. എന്നാല്‍ അത് അമിതമാകരുത്. എണ്ണമയമുള്ള മുടിയാണെങ്കിൽ ദിവസവും എണ്ണ പുരട്ടേണ്ടതില്ല. ശിരോചർമ്മം വരണ്ടതാണെങ്കിൽ അൽപം എണ്ണയുപയോഗിച്ച് മസാജ് ചെയ്യാം. അനുയോജ്യമായ ഏത് എണ്ണയും ഉപയോഗിക്കാവുന്നതാണ്.

Related Articles