മുഖക്കുരുവിന്‍റെ പാടുകള്‍ അകറ്റാൻ ഇതാ 5 ചേരുവകൾ

  • 01/11/2022




മുഖക്കുരു സൗന്ദര്യപ്രശ്‌നം മാത്രമല്ല. അത് ചിലരിൽ വിഷാദം, അപകർഷതാ ബോധം, ആത്മവിശ്വാസക്കുറവ് എന്നിവയ്ക്കും കാരണമാകാറുണ്ട്. ഈ പ്രശ്നം അകറ്റാൻ ആദ്യം ചെയ്യേണ്ടത് ചർമ്മം നന്നായി വൃത്തിയാക്കുക എന്നതാണ്. നിങ്ങളുടെ ചർമ്മ തരം എന്തുതന്നെയായാലും ഒരു നല്ല ക്ലെൻസർ ഉപയോഗിച്ച് ചർമ്മസംരക്ഷണ ദിനചര്യ ആരംഭിക്കണം. ചർമ്മ സുഷിരങ്ങൾ അടഞ്ഞുപോകാൻ സാധ്യതയുള്ള എല്ലാത്തരം എണ്ണയും അഴുക്കും നീക്കം ചെയ്യാൻ ക്ലെൻസർ സഹായിക്കും. 

മുഖം എപ്പോഴും ശക്തിയിൽ അമർത്തി ഉരച്ചു കഴുകുന്നത് മുഖചർമം കേടുവരുത്തും. കൈകൾ കൊണ്ടോ മൃദുവായ തുണി ഉപയോഗിച്ചോ വളരെ പതുക്കെ വേണം കഴുകേണ്ടത്. ഇടയ്ക്കിടെ മുഖക്കുരുവിൽ തൊടുന്നത് ഒഴിവാക്കണം. അണുബാധ മറ്റു ഭാഗങ്ങളിലേക്ക് പടരുമെന്ന് മാത്രമല്ല ഇത് മുഖക്കുരുവിന്റെ വീക്കം കൂട്ടുകയും ചെയ്യും. എന്നാൽ ഇതൊന്നുമല്ലാതെ മുഖക്കുരു അകറ്റാൻ മറ്റ് ചില പൊടിക്കെെകൾ പരിചയപ്പെടാം...

ചെറുനാരങ്ങ നീര്...

ചെറുനാരങ്ങ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല, മുഖക്കുരു പാടുകൾ നീക്കം ചെയ്യുന്നതിനുള്ള മികച്ച ഏജന്റാണ്. ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് പാടുകളും അടയാളങ്ങളും കുറയ്ക്കുന്നു. 5-6 തുള്ളി നാരങ്ങ നീര് വെള്ളത്തിൽ ചേർക്കുക. ഒരു കോട്ടൺ തുണി ഉപയോഗിച്ച് മിശ്രിതം മുഖക്കുരു ഉള്ള ഭാ​ഗത്ത് പുരട്ടുക. 10 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

കറ്റാർവാഴ ജെൽ...

കറ്റാർവാഴ ജെല്ലിൽ അലോസിൻ അടങ്ങിയിട്ടുണ്ട്. ഇത് കഠിനവുമായ മുഖക്കുരു പാടുകളിൽ പ്രവർത്തിക്കുകയും ഹൈപ്പർപിഗ്മെന്റേഷൻ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, കറ്റാർവാഴയുടെ ആന്റി ബാക്ടീരിയൽ ഗുണം മുഖക്കുരു തടയാൻ സഹായിക്കുന്നു. കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടി 10 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.

മഞ്ഞൾ...

മഞ്ഞളിൽ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഈ സ്വഭാവസവിശേഷതകൾ ചർമ്മത്തിന് തിളക്കവും നൽകും. മഞ്ഞൾ ചർമ്മത്തിന് തിളക്കം നൽകുന്ന ഒരു ഏജന്റായി പ്രവർത്തിക്കുന്നു. ഇതിലെ കുർക്കുമിൻ അധിക മെലാനിൻ ഉൽപ്പാദനം കുറയ്ക്കുകയും ചർമ്മത്തിന്റെ നിറം ലഘൂകരിക്കുകയും ചെയ്യുന്നു. ചർമ്മസംരക്ഷണ ദിനചര്യയിൽ മഞ്ഞൾ ചേർക്കുന്നത് നിങ്ങളുടെ ചർമ്മത്തിന് തിളക്കം നൽകുകയും ഏതെങ്കിലും തരത്തിലുള്ള കറുത്ത പാടുകളും പിഗ്മെന്റേഷനും കുറയ്ക്കുകയും ചെയ്യും. ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി എടുത്ത് റോസ് വാട്ടർ അല്ലെങ്കിൽ പാലിൽ മിക്സ് ചെയ്യുക. ഈ പേസ്റ്റ് 15 മിനുട്ട് മുഖത്ത് ഇട്ടേക്കുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

ചന്ദനപ്പൊടി...

മുഖക്കുരു പാടുകൾ മാറ്റാനുള്ള മറ്റൊരു പ്രകൃതിദത്ത മാർഗമാണ് ചന്ദനപ്പൊടി. ചന്ദനം മുഖത്തെ ഒരു മികച്ച ശുദ്ധീകരണമായി പ്രവർത്തിക്കുന്നു. മുഖക്കുരുവിന് കാരണമാകുന്ന മുഖത്തെ അഴുക്കും പുറന്തള്ളാൻ ഇത് സഹായിക്കുന്നു. മാത്രമല്ല, ഇത് കറുത്ത പാടുകൾ കുറയ്ക്കുകയും ടാൻ നീക്കം ചെയ്യുകയും ചെയ്യുന്നു. ഒരു ടേബിൾസ്പൂൺ ചന്ദനപ്പൊടി റോസ് വാട്ടറിൽ കലർത്തുക. ശേഷം ഈ പേസ്റ്റ് മുഖത്തിടുക. പേസ്റ്റ് 10-15 മിനിറ്റ് മുഖത്തിട്ട് വയ്ക്കുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.

ഉരുളക്കിഴങ്ങ്...

മുഖക്കുരു പാടുകൾ കുറയ്ക്കാൻ ഉരുളക്കിഴങ്ങ് ജ്യൂസ് നല്ലതാണ്. അവ ചർമ്മത്തിന് തിളക്കവും നൽകുന്നു. ഉരുളക്കിഴങ്ങിന്റെ നീര് എടുത്ത് ഒരു കോട്ടൺ ഉപയോഗിച്ച് പാടുകളിൽ പുരട്ടുക. ഉണങ്ങി ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. ഉരുളക്കിഴങ്ങിൽ പൊട്ടാസ്യം, നാരുകൾ, ബി വിറ്റാമിനുകൾ, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. അതിന്റെ ജ്യൂസ് ചർമ്മത്തിന് തിളക്കം നൽകുകയും കറുത്ത പാടുകൾ അകറ്റാൻ സഹായിക്കുകയും ചെയ്യും. 

Related Articles