കൊവിഡ് 19 രോഗവുമായുള്ള നമ്മുടെ പോരാട്ടത്തിന് ഇപ്പോഴും അവസാനമായിട്ടില്ല. ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ പലതും ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ കണ്ടെത്തപ്പെട്ടിട്ടുള്ള XBB ഒമിക്രോണ്‍ വകഭേദം പല രാജ്യങ്ങളിലും പുതിയ കൊവിഡ് തരംഗത്തിന് കാരണമായി വരാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഒമിക്രോണ്‍ ബിജെ1, ബിഎ 2.75 ചേര്‍ന്നുണ്ടായ XBB അതിവേഗം പടരുന്ന വകഭേദമാണ്. ഓഗസ്റ്റില്‍ സിംഗപ്പൂരിലാണ് ഈ വകഭേഗം ആദ്യം കണ്ടെത്തുന്നത്. പൂര്‍ണമായും വാക്സിനേഷന്‍ എടുത്തവരെയും അടുത്ത കാലത്ത് കൊവിഡില്‍ നിന്ന് വിമുക്തി നേടിയവരെയുമെല്ലാം ഈ പുതിയ വകഭേദത്തിന് കീഴ്പ്പെടുത്താന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. മോണോക്ലോണല്‍ ആന്‍റിബോഡി ചികിത്സയുടെ കാര്യക്ഷമതയെയും XBBക്ക് ബാധിക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതിസാരം, പനി, കുളിര്‍, തീവ്രമായ ക്ഷീണം, തൊണ്ട വേദന, ശ്വാസംമുട്ടല്‍, മണവും രുചിയും നഷ്ടമാകല്‍ തുടങ്ങിയവയാണ് ഒമിക്രോണ്‍ XBB വകഭേദത്തിന്‍റെ പ്രധാന ലക്ഷണങ്ങളായി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ഒമിക്രോമിന് ഇതുവരെ 300ഓളം വകഭേദങ്ങളും ഉപവകഭേദങ്ങളും കണ്ടെത്തപ്പെട്ടിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനാപ്രതിനിധിയും ശാസ്ത്രജ്ഞയുമായ ഡോ. സൗമ്യ സ്വാമിനാഥൻ പറയുന്നത്. XBB മൂലം ചില രാജ്യങ്ങളിലെങ്കിലും പുതിയ കൊവിഡ് തരംഗം സൃഷ്ടിച്ചേക്കാമെന്നും അവര്‍ പറയുന്നു. 'ഓരോ തവണയും ജനിതകവ്യതിയാനം സംഭവിച്ച് പുതിയ വകഭേദമുണ്ടാകുമ്പോള്‍ അത് കൂടുതല്‍ കൂടുതല്‍ രോഗവ്യാപനശേഷി നേടുകയാണ്. അതായത് ആന്‍റിബോഡികളോട് പൊരുതി പെട്ടെന്ന് ശരീരത്തിനകത്തേക്ക് പ്രവേശിക്കാനുള്ള കഴിവ് ഇവ കൂടുതലായി ആര്‍ജ്ജിച്ചെടുത്തിരിക്കും. XBBയുടെ കാര്യവും സമാനം തന്നെ. അതിനാല്‍ ചില രാജ്യങ്ങളിലെങ്കിലും ഇത് പുതിയ കൊവിഡ് തരംഗം സൃഷ്ടിച്ചേക്കാം'- ഡോ. സൗമ്യ സ്വാമിനാഥൻ പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?