ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും വഴുതനങ്ങ; അറിയാം മറ്റ് ഗുണങ്ങള്‍...

  • 04/11/2022




പച്ചക്കറികളിലെ രാജാവ് ആണ് വഴുതനങ്ങ. വയലറ്റ്, പച്ച, വെള്ള എന്നീ നിറങ്ങളില്‍ ആണ് വഴുതനങ്ങ അഥവാ കത്തിരിക്ക കാണപ്പെടുന്നത്. നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയതാണ് വഴുതനങ്ങ. ഫ്ലേവനോയ്ഡുകള്‍, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയ വഴുതനങ്ങയില്‍ പൊട്ടാസ്യം, സോഡിയം, കാത്സ്യം, സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, ഫോളേറ്റ്, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ സി തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. 

അറിയാം വഴുതനങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍... 

ഒന്ന്...

വഴുതനങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പൊട്ടാസ്യം, വിറ്റാമിന്‍ ബി6 തുടങ്ങിയവ അടങ്ങിയ വഴുതനങ്ങ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. വഴുതനങ്ങയിലെ ആന്‍റി ഓക്സിഡന്‍റുകള്‍ ഹൃദയ ധമനികളെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും. 

രണ്ട്...

പൊട്ടാസ്യം ധാരാളം അടങ്ങിയ വഴുതനങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും.  

മൂന്ന്...

കൊളസ്ട്രോള്‍ കുറയ്ക്കാനും വഴുതനങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്താം. വഴുതനങ്ങയില്‍ അടങ്ങിയിരിക്കുന്ന ക്ലോറോജനിക് ആസിഡ് മികച്ച ആന്‍റി ഓക്സിഡന്‍റ് ഏജന്‍റായി പ്രവര്‍ത്തിച്ച് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. 

നാല്...

കാര്‍ബോഹൈട്രേറ്റ് കുറവും നാരുകള്‍ കൂടുതലും ഉള്ളതിനാല്‍ ഇവ പ്രമേഹരോഗികള്‍ക്കും കഴിക്കാം. ഇവ ഭക്ഷണത്തില്‍ നിന്ന് ഗ്ലൂക്കോസിന്‍റെ ആഗിരണം നിയന്ത്രിക്കുക വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. 

അഞ്ച്...

ഫീനോളിക് സംയുക്തങ്ങളും കാത്സ്യവും അടങ്ങിയ വഴുതനങ്ങ എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. 

ആറ്... 

ഇരുമ്പിന്‍റെ അംശം ധാരാളം അടങ്ങിയ വഴുതനങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ച തടയാന്‍ സഹായിക്കും. 

ഏഴ്...

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു ഭക്ഷണമാണ് വഴുതനങ്ങ. കലോറി കുറവാണെന്നതും ഫൈബറിനാല്‍ സമ്പന്നമാണെന്നതുമാണ് വഴുതനങ്ങയുടെ ഗുണങ്ങള്‍. 

Related Articles