ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചില്‍ എപ്പോഴും നിസാരമായി കാണേണ്ട...

  • 12/11/2022



പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തില്‍ ചൊറിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെടാം. നിസാരമായ അലര്‍ജികള്‍ മുതല്‍ പേടിക്കേണ്ട- അല്ലെങ്കില്‍ ശ്രദ്ധിക്കേണ്ട രോഗലക്ഷണമായി വരെ ഇതുണ്ടാകാം. അതിനാല്‍ തന്നെ എല്ലായ്പോഴും ചര്‍മ്മത്തിലെ ചൊറിച്ചില്‍ തള്ളിക്കളയരുത്.

അധികവും ചര്‍മ്മത്തെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍, അല്ലെങ്കില്‍ നേരത്തെ പറഞ്ഞതുപോലെ അലര്‍ജി പോലുള്ള പ്രശ്നങ്ങളുടെ ഭാഗമായാണ് ചര്‍മ്മത്തില്‍ ചൊറിച്ചിലുണ്ടാവുക. എന്നാല്‍ ചുരുക്കം സന്ദര്‍ഭങ്ങളില്‍ അത് ക്യാൻസര്‍ രോഗത്തിന്‍റെ വരെ ലക്ഷണമായി വരാം. 

ഇതെക്കുറിച്ചാണ് കൂടുതലായി വിശദീകരിക്കുന്നത്. പാൻക്രിയാസ് എന്ന അവയവത്തെ കുറിച്ച് കേട്ടിട്ടില്ലേ? ദഹനവ്യവസ്ഥയിലുള്‍പ്പെടുന്ന പാൻക്രിയാസ് ആമാശയത്തിന് സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. നാം കഴിക്കുന്ന ഭക്ഷണം ദഹിച്ചുപോകുന്നതിനുള്ള ദഹനരസങ്ങള്‍ ഉത്പാദിപ്പിക്കുകയെന്നതാണ് പാൻക്രിയാസിന്‍റെ പ്രധാന ധര്‍മ്മം. 

ഈ പാൻക്രിയാസിനെ ബാധിക്കുന്ന അര്‍ബുദം അഥവാ പാൻക്രിയാസ് ക്യാൻസറിന്‍റെ ലക്ഷണമായും ചിലരില്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലുണ്ടാകാറുണ്ട്. ഇത് പാൻക്രിയാസ് ക്യാൻസറിന്‍റെ ഏറ്റവും സാധാരണമായിട്ടുള്ള ലക്ഷണമല്ല, എന്നാലിതും ചിലരില്‍ കാണാമെന്ന് മാത്രം.

മറ്റ് ചില ലക്ഷണങ്ങള്‍ കൂടി ഇതിനൊപ്പം ശ്രദ്ധിക്കേണ്ടതുണ്ട്. വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുന്ന അവസ്ഥ, ചര്‍മ്മത്തിലും കണ്ണിനുള്ളിലും മ‍ഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം (മഞ്ഞപ്പിത്തം), രക്തം കട്ട പിടിക്കുന്ന അവസ്ഥ, എപ്പോഴും ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ ആണ് ശ്രദ്ധിക്കേണ്ടത്. ഇവയ്ക്കൊപ്പം ചര്‍മ്മത്തില്‍ ചൊറിച്ചില്‍ കൂടി കാണപ്പെടുന്നുവെങ്കില്‍ അത് പാൻക്രിയാസ് ക്യാൻസറിനെ സൂചിപ്പിക്കുന്നതാകാം. 

പാൻക്രിയാസില്‍ ട്യൂമറും മറ്റും ഉണ്ടാകുന്ന സാഹചര്യത്തില്‍ കരളിന് പിത്തരസം പുറത്തുവിടാൻ പറ്റാതെയാകുന്നു. ഇതോടെയാണ് മഞ്ഞപ്പിത്തമുണ്ടാകുന്നത്. ഇതിനെ തുടര്‍ന്നാണ് ചര്‍മ്മത്തില്‍ ചൊറിച്ചിലും ഉണ്ടാകുന്നത്. ഇതിനൊപ്പം തന്നെ നേരത്തെ സൂചിപ്പിച്ചത് പോലെ ചര്‍മ്മത്തിലെ നിറവ്യത്യാസവും മനസിലാക്കാൻ സാധിക്കേണ്ടതുണ്ട്. ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ ചര്‍മ്മത്തിലെ ചൊറിച്ചില്‍ എപ്പോഴും നിസാരവത്കരിക്കാതെ പരിശോധന ആവശ്യമെങ്കില്‍ വൈകാതെ തന്നെ അത് ചെയ്തുനോക്കേണ്ടതുണ്ട്. 

Related Articles