പ്രമേഹം നിയന്ത്രിക്കുന്നതിന് പച്ച പപ്പായ?

  • 13/11/2022


പപ്പായ പൊതുവെ പഴുത്തത് കഴിക്കാനാണ് ഏവര്‍ക്കും ഇഷ്ടം. ഇത് നാട്ടിൻപുറങ്ങളില്‍ വീട്ടുപറമ്പുകളില്‍ തന്നെ ഏറെയും ലഭ്യമായിരിക്കും. എന്നാല്‍ നഗരപ്രദേശങ്ങളിലാകുമ്പോള്‍ വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തിയെടുക്കുന്ന പപ്പായകള്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിക്കാം. നാട്ടിൻപുറങ്ങളില്‍ ജൈവികമായ രീതിയില്‍ വളരുന്ന പപ്പായയും മാര്‍ക്കറ്റില്‍ കിട്ടുന്ന നാടൻ അല്ലാത്ത പപ്പായയും തമ്മില്‍ ഗുണമേന്മയുടെ കാര്യത്തില്‍ വ്യത്യാസങ്ങളുണ്ട്. 

എന്തായാലും പഴുത്ത പപ്പായയെ പോലെ തന്നെ പച്ച പപ്പായയ്ക്കും ചില ആരോഗ്യഗുണങ്ങളെല്ലാമുണ്ട്. എന്നാല്‍ അധികപേരും ഇത് പച്ചയ്ക്ക് കഴിക്കാൻ അങ്ങനെ താല്‍പര്യപ്പെടാറില്ലെന്ന് മാത്രം. പല വിധത്തിലുള്ള വൈറ്റമിനുകള്‍, പ്രോട്ടീൻ, എൻസൈമുകള്‍, ഫൈറ്റോന്യൂട്രിയന്‍റ്സ് എന്നിവയാലെല്ലാം സമ്പന്നമാണ് പച്ച പപ്പായ. 

ബാക്ടീരിയ പോലുള്ള രോഗാണുക്കള്‍ക്കെതിരെ പോരാടാനും ഇതിന് പ്രത്യേക കഴിവുണ്ട്. അതിനാല്‍ തന്നെ ചില അണുബാധകളെയെല്ലാം ചെറുക്കുന്നതിനും പരുക്കുകള്‍ ഭേദപ്പെടുത്തുന്നതിനുമെല്ലാം ഇവ സഹായകമാണ്. പച്ച പപ്പായയുടെ ഏറ്റവും മികച്ച മൂന്ന് ആരോഗ്യഗുണങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

പച്ച പപ്പായ ഫൈബറിന്‍റെ നല്ലൊരു ഉറവിടമാണ്. ഇത് ദഹനം സുഗമമാക്കുന്നതിന് സഹായിക്കുന്നു . ഒപ്പം തന്നെ നമുക്ക് പല രീതിയില്‍ ഗുണകരമായി വരുന്ന വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളെ വര്‍ധിപ്പിക്കുന്നതിനും പച്ച പപ്പായ സഹായിക്കുന്നു. 

രണ്ട്...

ആദ്യമേ സൂചിപ്പിച്ചത് പോലെ പച്ച പപ്പായയില്‍ ധാാരാളം എൻസൈമുകള്‍ അടങ്ങിയിട്ടുണ്ട് എന്നതിനാല്‍ തന്നെ ഇതിന് ദഹനം എളുപ്പത്തിലാക്കാനും അതുവഴി വയറിനെ ക്ലീൻ ആക്കിയെടുക്കാനും സാധിക്കും. എന്നുവച്ചാല്‍ മലബന്ധം നേരിടുന്ന സാഹചര്യമൊഴിവാക്കാനും പച്ച പപ്പായ സഹായിക്കുമെന്ന്. ഒപ്പം തന്നെ അനാവശ്യമായി വയറിനകത്ത് നിറഞ്ഞിരിക്കുന്ന ഗ്യാസ് കളയുന്നതിനും ഇത് സഹായകമാണ്. 

മൂന്ന്...

പച്ച പപ്പായയില്‍ അടങ്ങിയിരിക്കുന്ന പല ധാതുക്കളും രക്തത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിക്കുന്നതിന് സഹായകമാണ്. ഇൻസുലിൻ ഹോര്‍മോണ്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും പച്ച പപ്പായ സഹായിക്കുന്നു. ഇവയെല്ലാം തന്നെ ടൈപ്പ്- 2 പ്രമഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കും.  

Related Articles