നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ട്. എന്നാല്‍ ചില അവയവങ്ങളുടെ പ്രാധാന്യം മറ്റുള്ളവയെക്കാള്‍ മുകളിലായിരിക്കും. അത്തരത്തില്‍ നാം ഏറ്റവുധികം പ്രാധാന്യം നല്‍കുന്ന അവയവമാണ് ഹൃദയം. ഹൃദ്രോഗങ്ങള്‍ പിടിപെടുന്നതിനെ പൂര്‍ണമായി ചെറുക്കാൻ നമുക്ക് സാധ്യമല്ല. പ്രായ-ലിംഗഭേദമെന്യേ ഹൃദ്രോഗങ്ങള്‍ ആര്‍ക്കും പിടിപെടാം. സമയബന്ധിതമായി ഇത് കണ്ടെത്തപ്പെട്ടാല്‍ വലിയൊരു പരിധി വരെ ചികിത്സയിലൂടെ ഭേദപ്പെടുത്താനും സാധിക്കും. എങ്കിലും ജീവിതരീതികളില്‍ ചില കാര്യങ്ങള്‍ നേരത്തെ ശ്രദ്ധിച്ചാല്‍ ഹൃദ്രോഗങ്ങളെ ചെറുക്കാൻ നമുക്ക് കഴിഞ്ഞേക്കാം. അത്തരത്തില്‍ കരുതേണ്ട മൂന്ന് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒന്ന്...ദിവസവും നേരത്തെ കിടന്നുറങ്ങണമെന്ന് പറയുന്നത് പഴയ ഒരു വാദമായി കണക്കാക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിനായി ആദ്യം ചെയ്യേണ്ട കാര്യമേ നിങ്ങള്‍ക്ക് യോജിച്ചതല്ലെന്ന് പറയാം.കാരണം തുടര്‍ച്ചയായ, ആഴത്തിലുള്ള- നല്ലയുറക്കമാണ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ആദ്യപടി. ഒരുപക്ഷെ ഭക്ഷണത്തെക്കാളും വ്യായാമത്തെക്കാളുമെല്ലാം പ്രധാനവും ഇതാണെന്ന് പറയാം. ഉറക്കം ശരിയാകാത്തവരില്‍ ബിപി, പ്രമേഹം, മാനസികാരോഗ്യപ്രശ്നങ്ങള്‍ എന്നിവയ്ക്കെല്ലാം സാധ്യത കൂടുതലാണ്. ഇതെല്ലാം ഹൃദയത്തെ ദോഷകരമായി ബാധിക്കാം. രണ്ട്...ഉറക്കത്തിന്‍റെ കാര്യം സൂചിപ്പിച്ചത് പോലെ ചിട്ടയായ ജീവിതവും നിങ്ങള്‍ക്ക് അസഹ്യമാണോ? എങ്കില്‍ വീണ്ടും നിങ്ങള്‍ വെട്ടിലായി എന്ന് പറയാം. എന്തെന്നാല്‍ അല്‍പമെങ്കിലും ചിട്ടയായ ജീവിതരീതി കാത്തുസൂക്ഷിക്കുകയെന്നതാണ് ഹൃദയത്തെ സുരക്ഷിതമാക്കാൻ അടുത്തതായി ചെയ്യാവുന്ന കാര്യം. രാത്രിയില്‍ തന്നെ പരമാവധി ഉറക്കം നേടുക. രാവിലെ അധികം വൈകാതെ ഉണരുകയും ചെയ്യണം. ബ്രേക്ക്ഫാസ്റ്റ്, ഉച്ചഭക്ഷണം, അത്താഴം എന്നിവ കഴിവതും എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ കഴിക്കുക. വ്യായാമം പതിവാക്കുന്നതും നല്ലത്. ഇതും ഒരേസമയത്ത് തന്നെ ചെയ്യാൻ ശ്രദ്ധിക്കുക. മൂന്ന്...മൂന്നാമതായി ഡയറ്റിലെ ഒരു കാര്യമാണ് ശ്രദ്ധിക്കേണ്ടത്. ഭക്ഷണത്തിലൂടെ ആവശ്യത്തിന് പ്രോട്ടീൻ പതിവായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതും ഹൃദയാരോഗ്യത്തിന് അടിസ്ഥാനമായി ആവശ്യമായിട്ടുള്ളതാണ്. മുട്ട, മീൻ (മത്തി, അയല, നത്തോലി പോലുള്ള മീനുകളെല്ലാം ) എന്നിവയെല്ലാം കഴിക്കാവുന്നതാണ്. വെജിറ്റേറിയൻ ഡയറ്റ് പിന്തുടരുന്നവരാണെങ്കില്‍ അതിന് അനുസരിച്ചുള്ള പ്രോട്ടീൻ ഭക്ഷണങ്ങള്‍ കഴിക്കാൻ ശ്രദ്ധിക്കുക.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?