കേരളത്തിന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് അര്‍ജന്റീന ഫുട്ബാൾ ടീം

  • 19/12/2022



ദോഹ: പെനാൽറ്റി ഷൂടൗട്ടിൽ നിലവിലെ ചാമ്പ്യൻമാരായിരുന്ന ഫ്രാൻസിനെ തോൽപിച്ച് ലോകകിരീടം സ്വന്തമാക്കിയ അർജന്റീനൻ ടീം കേരളത്തിലെ ആരാധകർക്ക് നന്ദി അറിയിച്ചു. ടീമിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് കേരളത്തിന്‌ നന്ദി അറിയിച്ചു കൊണ്ടുള്ള പോസ്റ്റ്‌ വന്നത്. 

36 വർഷത്തെ കാത്തിരിപ്പിന് ശേഷം കപ്പ് സ്വന്തമാക്കിയ മെസ്സിക്കും സംഘത്തിനും വേണ്ടി കഴിഞ്ഞ 29 ദിനങ്ങൾ ഉറങ്ങാതിരുന്ന മലയാളികൾ ആർപ്പുവിളികളും ആഹ്ളാദ പ്രകടനങ്ങളുമായാണ് കേരളത്തിന്റെ മുക്കുമൂലകളിൽ വരെ വിജയം ആഘോഷിച്ചത്. 

കഴിഞ്ഞ കുറെ ദിവസങ്ങളായി ഖത്തറിലെ ഫാൻസോണുകളിലും കലാശപ്പോരാട്ടത്തിൽ ലുസൈൽ സ്റ്റേഡിയത്തിനകത്തും പുറത്തും മലയാളികളുടെ ആവേശത്തിമർപ്പ് ലോകം മുഴുവൻ ടെലിവിഷൻ കാഴ്ചകളായി നിറഞ്ഞിരുന്നു.

"നന്ദി, ബംഗ്ലാദേശ്
കേരള, ഇന്ത്യ, പാക്കിസ്ഥാൻ
നിങ്ങളുടെ പിന്തുണ അതിശയകരമായിരുന്നു"

അർജന്റീനൻ ടീമിന് ആരാധകർ ഏറെയുള്ള ബംഗ്ലാദേശ്, പാകിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങൾക്ക് നന്ദി പറയുന്നതിന്റെ ഒപ്പം തന്നെയാണ് ഒരു കുഞ്ഞു സംസ്ഥാനത്തിനും അവർ സ്നേഹം അറിയിച്ചത്.

ബംഗ്ലാദേശിലെ ആരാധകരുടെ ആഹ്ളാദപ്രകടനത്തിന്റെ വീഡിയോ റീട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു ഔദ്യോഗിക ഹാൻഡിലിൽ നിന്ന് ആരാധകർക്ക് കൃതജ്ഞത രേഖപ്പെടുത്തിയത്.

മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നഗര - ഗ്രാമ വ്യത്യാസമില്ലാതെ ഒട്ടുമിക്ക എല്ലായിടങ്ങളിലും ബിഗ് സ്ക്രീൻ അടക്കം സെറ്റ് ചെയ്ത് കൊണ്ടാണ് ആരാധകർ ഫൈനൽ ആസ്വാദിച്ചത്. പെനാൽറ്റി ഷൂടൗട്ടിലെ അവസാന കിക്ക് ഫ്രാൻസിന്റെ വല കുലുക്കിയത് മുതൽ തുടങ്ങിയ വെടികെട്ടുകൾ പല മലബാർ ഗ്രാമങ്ങളിലും പുലരുവോളം തുടർന്നു.

നേരത്തെ നെയ്മര്‍ ജൂനിയറും കേരളത്തിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു. കേരളത്തിലുയര്‍ത്തിയ ഒരു കട്ടൗട്ടിന്റെ ചിത്രം പങ്കുവെച്ചാണ് നെയ്മര്‍ കേരളത്തിന് നന്ദി പറഞ്ഞത്.

Related Articles