മൂന്ന് വർഷം കൂടുമ്പോൾ ലോകകപ്പ്: പദ്ധതിയുമായി ഫിഫ പ്രസിഡന്റ്

  • 21/12/2022

 



ദോഹ: അന്താരാഷ്ട്ര ഫുട്‌ബോളിൽ വിപ്ലവം സൃഷ്ടിക്കാനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമായി മൂന്ന് വർഷം കൂടുമ്പോൾ ലോകകപ്പ് നടത്താനുള്ള ആലോചനകൾ നടക്കുന്നതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ഖത്തർ ലോകകപ്പിന്റെ വാണിജ്യപരവും കായികപരവുമായ വിജയമാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വെക്കാൻ ഫിഫ പ്രസിഡണ്ടിന് ധൈര്യം പകർന്നത്.

2025-ൽ വിപുലമായ ക്ലബ് ലോകകപ്പ് നടക്കുമെന്ന പ്രഖ്യാപനം അദ്ദേഹം കഴിഞ്ഞയാഴ്ച നടത്തിയെങ്കിലും കളിക്കാരുടെയും ക്ലബ്ബുകളുടെയും അന്താരാഷ്ട്ര കോൺഫെഡറേഷനുകളുടെയും പിന്തുണ വേണ്ടത്ര കിട്ടിയിരുന്നില്ല. പക്ഷേ, ശൈത്യകാലത്തിന്റെ മധ്യത്തിൽ ആയിരുന്നിട്ട് കൂടി കഴിഞ്ഞ ഒരു മാസക്കാലമായി ഖത്തറിൽ നടന്ന ഉത്സവത്തിന് യാതൊരു തടസ്സവും നേരിട്ടില്ല ഇത് സൂചിപ്പിക്കുന്നത് അന്താരാഷ്ട്ര ഫുട്ബോളിന്റെ ജനപ്രീതി വളർന്നു കൊണ്ടിരിക്കുകയാണെന്നാണ്.

ഖത്തറിൽ കളിക്കാർ കടുത്ത ചൂടിൽ കളിക്കേണ്ടിവരുമെന്ന ഭയവും കൂട്ടപരിക്കുകളും ഉണ്ടായിരുന്നിട്ടും, ടൂർണമെന്റ് 6.2 ബില്യൺ പൗണ്ടിന്റെ റെക്കോർഡ് വരുമാനമാണ് ഉണ്ടാക്കിയത്. ഇത് 2018 റഷ്യ ലോകകപ്പിനേക്കാൾ 840 മില്യൺ പൗണ്ട് കൂടുതലാണ്.

മൂന്ന് വർഷത്തിലൊരിക്കൽ ലോകകപ്പ് നടക്കുകയാണെങ്കിൽ ഇടയിലുള്ള വർഷങ്ങളിൽ ക്ലബ്ബ് ലോകകപ്പും യൂറോ കപ്പ് പോലുള്ള കോണ്ടിനെന്റൽ മത്സരങ്ങളും നടത്താം. പക്ഷേ, 2030 വരെയുള്ള വേദികൾ ഇതിനകം തന്നെ തീരുമാനിക്കപ്പെട്ടു കഴിഞ്ഞതിനാൽ തന്നെ അതുവരെ ഒരു മാറ്റവും സാധ്യമല്ല. എങ്കിലും വിഷയത്തെക്കുറിച്ചുള്ള ചർച്ചകൾ തിരശ്ശീലയ്ക്ക് പിന്നിൽ സജീവമായി നടക്കുന്നതായാണ് സൂചന.

Related Articles