തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ആവശ്യമായ അഞ്ച് പോഷകങ്ങൾ

  • 14/01/2023



തൈറോയ്ഡ് പ്രശ്നങ്ങൾ അലട്ടുന്നവരുടെ എണ്ണം ദിനം പ്രതി കൂടിവരികയാണ്. കഴുത്തിൽ സ്ഥിതി ചെയ്യുന്ന ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തെെറോയ്ഡ്. ഇത് തലച്ചോറ്, ഹൃദയം, പേശികൾ, മറ്റ് അവയവങ്ങൾ എന്നിവയുടെ പ്രവർത്തനം നിലനിർത്താൻ സഹായിക്കുന്നു. അതിന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അത് ആരോഗ്യപരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാം.

തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. സമീകൃത ഭക്ഷണ ക്രമം തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നതായി പോഷകാഹാര വിദഗ്ധൻ ലവ്‌നീത് ബത്ര പറഞ്ഞു.

'തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യകരമായ പ്രവർത്തനങ്ങൾ നിലനിർത്തുന്നതിന് സമീകൃതാഹാരം പ്രധാനമാണ്. പട്ടികയിൽ അയോഡിൻ ഒന്നാമതാണെങ്കിലും തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന ഒരേയൊരു മൈക്രോ ന്യൂട്രിയന്റ് ഇത് മാത്രമല്ല... ' - ലവ്‌നീത് ബത്ര പറഞ്ഞു. തൈറോയ്ഡ് ആരോഗ്യം വർദ്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചില പോഷകങ്ങളെക്കുറിച്ച് ലോവ്നീത് പറയുന്നു.

തൈറോയ്ഡ് പ്രവർത്തനം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ അഞ്ച് പോഷകങ്ങൾ...

അയോഡിൻ...

തൈറോയ്ഡ് പ്രവർത്തനത്തിന് അയോഡിൻ വളരെ പ്രധാനമാണ്. ട്രയോഡൊഥൈറോണിൻ (T3), തൈറോക്സിൻ (T4) എന്നിവ അയോഡിൻ അടങ്ങിയ തൈറോയ്ഡ് ഹോർമോണുകളാണ്. അയോഡിന്റെ കുറവ് തൈറോയ്ഡ് രോഗത്തിലേക്ക് നയിക്കുന്നതായി ലോവ്നീത് പറയുന്നു.

വിറ്റാമിൻ ഡി...

വിറ്റാമിൻ ഡിയെ സംബന്ധിച്ചിടത്തോളം ഇത് തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്നു. ഈ വിറ്റാമിന്റെ അളവ് കുറയുന്നത് ഹാഷിമോട്ടോ തൈറോയ്ഡൈറ്റിസ്, ഗ്രേവ്സ് രോഗം എന്നിവയിലേക്ക് നയിക്കുന്നു.

സെലിനിയം...

തൈറോയ്ഡ് ഹോർമോൺ ഉൽപാദനത്തിന് ആവശ്യമായ ഒരു ധാതുവാണ് സെലിനിയം. ഓക്സിഡേറ്റീവ് സ്ട്രെസ് മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് തൈറോയിഡിനെ സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു.

സിങ്ക്...

തൈറോയ്ഡ് ഗ്രന്ഥിയുടെ ഉചിതമായ പ്രവർത്തനത്തിന് ആവശ്യമായ മറ്റൊരു ധാതുവാണ് സിങ്ക്. കാരണം ഇത് തൈറോയ്ഡ് ഹോർമോൺ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ടി3, ടി4, തൈറോയ്ഡ്-ഉത്തേജക ഹോർമോൺ (ടിഎസ്എച്ച്) എന്നിവയുടെ ശരിയായ സെറം അളവ് നിലനിർത്തുന്നതിനും സിങ്ക് പ്രധാന പങ്ക് വഹിക്കുന്നു

ഇരുമ്പ്...

തൈറോയ്ഡ് ഹോർമോണിന്റെ സജീവ രൂപമായ T4 T3 ആക്കി മാറ്റാൻ തൈറോയ്ഡ് ഗ്രന്ഥിക്ക് ഇരുമ്പ് ആവശ്യമാണെന്ന് ലോവ്നീത് ബത്ര ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഇരുമ്പിന്റെ കുറവും തൈറോയ്ഡ് പ്രവർത്തനത്തിന്റെ തകരാറുമായി ബന്ധപ്പെട്ടിരിക്കുന്നു.

വിറ്റാമിൻ ബി, കോപ്പർ, വിറ്റാമിൻ എ, ഇ എന്നിവ തൈറോയ്ഡ് ഗ്രന്ഥിയുടെ ഒപ്റ്റിമൽ പ്രവർത്തനത്തിന് ആവശ്യമായ മറ്റ് ചില പോഷകങ്ങളാണ്. ഒന്നോ അതിലധികമോ പോഷകങ്ങളുടെ അഭാവം തൈറോയ്ഡ് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും തൈറോയ്ഡ് രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

Related Articles